കാനഡയില്‍ നിന്നും മെക്‌സിക്കോയിലേക്ക് വിമാന യാത്ര ചെയ്യുന്നവരുടെ ബാഗില്‍ ഒന്നിലധികം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ കനത്ത പിഴ ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. മെക്‌സിക്കോ സന്ദര്‍ശിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് അവരുടെ ലഗേജില്‍ കൊണ്ടുവരാന്‍ സാധിക്കുന്ന നികുതി ഒഴിവാക്കപ്പെട്ട വസ്തുക്കളുടെ കര്‍ശനമായ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.
രണ്ട് ക്യാമറകള്‍ അല്ലെങ്കില്‍ കാംകോര്‍ഡറുകള്‍, ക്യാമറ ഗിയര്‍, മൂന്ന് സെല്‍ഫോണുകള്‍ അല്ലെങ്കില്‍ മറ്റ് വയര്‍ലെസ് ഉപകരണങ്ങള്‍, ജിപിഎസ് ഇലക്ട്രോണിക് ഓര്‍ഗനൈസര്‍, ഒരു ലാപ്‌ടോപ്പ്, നോട്ട്ബുക്ക്, ഓമ്‌നിബുക്ക്, അല്ലെങ്കില്‍ മറ്റ് പോര്‍ട്ടബിള്‍ കമ്പ്യൂട്ടിംഗ് ഉപകരണം, ഒരു കോപ്പിയര്‍ അല്ലെങ്കില്‍ പ്രിന്റര്‍, ഒരു സിഡി ബര്‍ണര്‍, പോര്‍ട്ടബിള്‍ ഓവര്‍ഹെഡ് പ്രോജക്ടര്‍ അതിന്റെ അനുബന്ധ ഉപകരണങ്ങള്‍ എന്നിങ്ങനെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ കനത്ത പിഴ യാത്രക്കാരില്‍ നിന്നും ഈടാക്കും.
മെക്‌സിക്കോയുടെ ഈ തീരുമാനത്തിനെതിരെ നിരവധി യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മെക്‌സിക്കോ സര്‍ക്കാരില്‍ നിന്നും മറ്റ് പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
മെക്‌സിക്കോയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് നികുതി ഒഴിവാക്കപ്പെട്ട ഇനങ്ങളുടെ പൂര്‍ണമായ ലിസ്റ്റ് വെബ്‌സൈറ്റില്‍ നിന്നും അറിയാം.