ബിറ്റ്‌കോയിന്‍ ബ്ലാക്ക്‌മെയില്‍ സ്‌കാം: മുന്നറിയിപ്പ് നല്‍കി എയര്‍ഡ്രി ആര്‍സിഎംപി

By: 600002 On: Sep 23, 2024, 11:49 AM

 

 

ഇരകളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് പകരമായി ബിറ്റ്‌കോയിന്‍ ആവശ്യപ്പെടുന്ന ബ്ലാക്ക് മെയില്‍ സ്‌കാമിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എയര്‍ഡ്രി ആര്‍സിഎംപി. ബിറ്റ്‌കോയിന്‍ സ്‌കാം ഇമെയിലുകള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് ആറോളം കേസുകള്‍ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. സെപ്തംബര്‍ 16 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

വിലാസം, ഫോണ്‍ നമ്പര്‍, വീടിന്റെ ഫോട്ടോ തുടങ്ങി നിരവധി വ്യക്തിഗത വിവരങ്ങളാണ് ഇമെയില്‍ വഴി തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഉണ്ടെന്നും ഉപയോക്താവിന്റെ ബ്രൗസിംഗ് വിവരങ്ങള്‍ കയ്യിലുണ്ടെന്നും കമ്പ്യൂട്ടറുകളിലേക്കും സ്മാര്‍ട്ട്‌ഫേണുകളിലേക്കും ആക്‌സസ് ഉണ്ടെന്നും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തുന്നു. ഭീഷണിയില്‍ ഭയപ്പെടുന്ന വ്യക്തികള്‍ ബിറ്റ്‌കോയിന്‍ നല്‍കാമെന്ന് പറയുന്നു. വിവരങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ 2000 യുഎസ് ഡോളര്‍ ബിറ്റ്‌കോയിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ ആരും പണം ബിറ്റ്‌കോയിനായി അപരിചിതര്‍ക്ക് അയക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-945-7200 എന്ന നമ്പറില്‍ എയര്‍ഡ്രി ആര്‍സിഎംപിയുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.