ഉറക്കം കളയാന്‍ അടുത്ത രണ്ടെണ്ണം; ശരവേഗത്തില്‍ ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലേക്ക്

By: 600007 On: Sep 22, 2024, 11:23 AM

കാലിഫോര്‍ണിയ: ഈ വരുന്ന സെപ്റ്റംബര്‍ 24ന് രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അരികിലൂടെ കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. 2024 ആര്‍ഒ11 (2024 RO11), 2020 ജിഇ (2020 GE) എന്നിങ്ങനെയാണ് ഈ ഛിന്നഗ്രഹങ്ങള്‍ക്ക് നാസ പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവ രണ്ടും ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്നാണ് നിലവിലെ അനുമാനം. 

2024 ആര്‍ഒ11 ഒരു വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ്. 120 അടിയാണ് ഇതിന്‍റെ വ്യാസം. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും ഇല്ലാതെ 2024 ആര്‍ഒ11 ഛിന്നഗ്രഹം സെപ്റ്റംബര്‍ 24ന് കടന്നുപോകും. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 4,580,000 മൈല്‍ ദൂരെയായിരിക്കും ഈ ഛിന്നഗ്രഹം. എന്നാല്‍ സെപ്റ്റംബര്‍ 24ന് ഭൂമിക്ക് അരികിലെത്തുന്ന 2020 ജിഇ അതിന്‍റെ സാമീപ്യം കൊണ്ടാണ് ശ്രദ്ധേയമാവുക. വെറും 26 അടി മാത്രമാണ് ഇതിന്‍റെ വലിപ്പമെങ്കിലും ഭൂമിക്ക് 410,000 മൈല്‍ അടുത്തുവരെ 2020 ജിഇ ഛിന്നഗ്രഹം എത്തും. എന്നാല്‍ ഈ ഛിന്നഗ്രഹവും ഭൂമിയില്‍ പതിക്കാനുള്ള ഒരു സാധ്യതയുമില്ല എന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി വിലയിരുത്തുന്നു. എങ്കിലും നാസ ജാഗ്രതയോടെ ഇരു ഛിന്നഗ്രങ്ങളെയും നിരീക്ഷിച്ചുവരികയാണ്.