കൊച്ചി : കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറു കണക്കിന് ആളുകളാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാൻ എത്തി. വൈകിട്ട് നാലുമണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺഹാളിൽ എത്തിച്ചത്. പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ മലയാള സിനിമ മേഖലയിലെ പ്രമുഖരെല്ലാമെത്തി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ,ജോഷി, സത്യൻ അന്തിക്കാട് തുടങ്ങി സിനിമാ ലോകത്തെ പ്രമുഖരെല്ലാം മലയാള സിനിമയുടെ അമ്മക്ക് ആദരം അർപ്പിക്കാൻ വന്നു.