ടിക് ടോക്കില്‍ അനധികൃത കാനഡ-യുഎസ് അതിര്‍ത്തി കടക്കാന്‍ വാഗ്ദാനം ചെയ്ത് പരസ്യങ്ങള്‍

By: 600002 On: Sep 20, 2024, 11:09 AM

 


കാനഡയിലെ ഇന്ത്യക്കാരായ താല്‍ക്കാലിക താമസക്കാരെ അമേരിക്കയിലേക്ക് അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്ന നിയമവിരുദ്ധ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ടിക്‌ടോക്കില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. റേഡിയോ കാനഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ടിക് ടോക് അക്കൗണ്ട് ഉടമ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. കാട്ടിലൂടെ 40 മിനിറ്റിലേറെ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുന്നതെന്ന് പേര് വെളിപ്പെടുത്താത്ത വ്യക്തി പറയുന്നു. 

മോണ്‍ട്രിയല്‍, ബ്രാംപ്ടണ്‍, സറേ എന്നിവടങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് സുരക്ഷിതമായി കടക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ടിക്‌ടോക് പരസ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 360,000 ത്തിലധികം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടുകളിലൊന്ന് കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ടിക് ടോക് അക്കൗണ്ട് ഉടമകള്‍ മിക്കവരും ഇന്ത്യക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. 

കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായാണ് കണക്കുകള്‍. അനധികൃത ക്രോസിംഗുകള്‍ അമേരിക്ക നിരോധിച്ചതാണ്. അതിര്‍ത്തി കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക എന്‍ട്രി പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍ നിയമവിരുദ്ധമായി കടക്കുന്നവര്‍ കാടുകളിലൂടെയും മറ്റിടങ്ങളിലൂടെയും കടക്കുകയാണ് ചെയ്യുക. 

ടിക്‌ടോക് അക്കൗണ്ടുകളില്‍ ഉപഭോക്താക്കളുടെ സംതൃപ്തരാണെന്ന് അറിയിച്ചുള്ള പഞ്ചാബി ഭാഷയിലുള്ള സാക്ഷ്യപത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് കടന്നുവെന്ന് പറയുന്ന ക്ലയ്ന്റുകളുടെ വീഡിയോയും ടിക്‌ടോക് അക്കൗണ്ടുകളില്‍ കാണാം. ഇതെല്ലാം അമേരിക്കയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നു. സുരക്ഷിതമായി അതിര്‍ത്തി കടന്ന് ലക്ഷ്യസ്ഥാനത്തെത്തിയതിന് ശേഷം ഏജന്റുമാര്‍ക്ക് പണം കൈമാറുകയാണ് ചെയ്യുകയെന്നും ചില ക്ലയ്ന്റുകള്‍ പറയുന്നു. ഒരാള്‍ക്ക് 1500 ഡോളറാണ് നിരക്കെന്നാണ് റിപ്പോര്‍ട്ട്.