സൈബര്‍ക്രൈം പ്ലാറ്റ്‌ഫോമായ 'ഗോസ്റ്റി'നെ ഓസ്‌ട്രേലിയന്‍ പോലീസ് തകര്‍ത്തത് കാനഡയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ നിരവധി പേരുടെ അറസ്റ്റിലേക്കാണ് നയിച്ചത്. ആപ്പിന്റെ അഡ്മിന്‌സ്‌ട്രേറ്റര്‍ ജയ് ജെ യൂന്‍ ജങ്(32) ഉള്‍പ്പെടെ 51 പേരാണ് അറസ്റ്റിലായത്. ക്രിമിനല്‍ ഓര്‍ഗനൈസേഷനെ പിന്തുണയ്ക്കുകയും കുറ്റകൃത്യം നടത്തിയ വരുമാനം ഉപയോഗിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ ജങിനെ സിഡ്‌നി കോടതിയില്‍ ഹാജരാക്കി. ജാമ്യത്തിനായി ജങ് അപേക്ഷ നല്‍കിയിട്ടില്ല. നവംബറില്‍ കേസ് വിചാരണ ചെയ്യും. അതുവരെ ജങ് ജയിലില്‍ തുടരും.
കാനഡ, സ്വീഡന്‍, അയര്‍ലന്‍ഡ്, ഇറ്റലി എന്നിവടങ്ങളിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ നടത്തിയ റെയ്ഡുകളില്‍ 38 പ്രതികളെ അറസ്റ്റ് ചെയ്തതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇയാന്‍ മക്കാര്‍ട്ട്‌നി പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. 2017 ലാണ് ക്രിമിനല്‍ ഉപയോഗത്തിനായി പ്രത്യേകമായി ജങ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തതായി പോലീസ് ആരോപിക്കുന്നു.