പ്രവിശ്യയില്‍ എന്റോള്‍മെന്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സ്‌കൂളുകള്‍ നിര്‍മിക്കുമെന്ന് കഴിഞ്ഞ ദിവസം ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ 8.6 ബില്യണ്‍ ഡോളറിന്റെ പുതിയ സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള പൈലറ്റ് പ്രോജക്ട് ഉള്‍പ്പെടുമെന്ന് സ്മിത്ത് പറഞ്ഞു. കുറഞ്ഞ ചെലവില്‍, പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റുകള്‍ ലഭ്യമാക്കുന്നതിനായി ആയിരക്കണക്കിന് പുതിയ ഫെസിലിറ്റികള്‍ സൃഷ്ടിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് സ്മിത്ത് കാല്‍ഗറിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, സ്വകാര്യ സ്‌കൂള്‍ നിര്‍മാണ ചെലവ് എത്രയാണെന്നോ എത്ര തുക ധനസഹായം നല്‍കുമെന്നോ സ്മിത്ത് വ്യക്തമാക്കിയിട്ടില്ല.
2026-27 ബജറ്റില്‍ സ്‌കൂള്‍ കണ്‍സ്ട്രക്ഷന്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാമിനായി 8.6 ബില്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് സ്മിത്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതിയിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 50,000 പുതിയ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊളളാന്‍ സ്‌കൂളുകളെ സജ്ജമാക്കും. അതിനുശേഷമുള്ള നാല് വര്‍ഷത്തിനുള്ളളില്‍ 150,000 പുതിയ സീറ്റുകള്‍ പൂര്‍ത്തിയാക്കാനും ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്മിത്ത് പറഞ്ഞു.