സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായി കാനഡയിലെ വിമാനത്താവളങ്ങളില്‍ സിടി സ്‌കാനറുകള്‍ സ്ഥാപിക്കുന്നു 

By: 600002 On: Sep 20, 2024, 7:35 AM

 


സ്‌ഫോടക വസ്തുക്കളും മറ്റ് അപകടഭീഷണികളും കണ്ടെത്തുന്നതിനായി കാനഡയിലെ നിരവധി വിമാനത്താവളങ്ങളില്‍ സിടി സ്‌കാനറുകള്‍ സ്ഥാപിക്കുമെന്ന് കനേഡിയന്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. കമ്പ്യൂട്ടറൈസ്ഡ് എക്‌സ്-റേ ഇമേജിംഗ് വഴി 360 ഡിഗ്രി കാഴ്ചകള്‍ നല്‍കുന്ന സാങ്കേതികവിദ്യ വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളമുള്ള എയര്‍പോര്‍ട്ട് ചെക്ക്‌പോസ്റ്റുകളില്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് അതോറിറ്റി വ്യക്തമാക്കി. പദ്ധതിക്ക് ബുധനാഴ്ച വാന്‍കുവര്‍ വിമാനത്താവളത്തില്‍ തുടക്കമായി. ആദ്യത്തെ സിടി സ്‌കാനര്‍ മെഷീന്‍ വാന്‍കുവര്‍ വിമാനത്താവളത്തില്‍ സെക്യൂരിറ്റി സ്‌ക്രീനിംഗ് ഏരിയയില്‍ കണ്‍വെയര്‍ ബെല്‍റ്റുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. 

സിടി സ്‌കാനറുകള്‍ സ്ഥാപിക്കുന്നതോടെ യാത്രക്കാര്‍ ഇനി ലിക്വിഡ്, എയ്‌റോസോള്‍, ജെല്‍, അല്ലെങ്കില്‍ ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ക്യാരി ഓണ്‍ ബാഗുകളില്‍ നിന്നും നീക്കേണ്ടതില്ലെന്നും പരിശോധനകള്‍ വേഗത്തില്‍ നടക്കുന്നതിനാല്‍ ക്യൂവില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരില്ലെന്നും വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സിഇഒ ടാമര വ്രൂമാന്‍ പറഞ്ഞു. 

യാത്രക്കാര്‍ക്ക് പരിശോധനകള്‍ എളുപ്പമാക്കുന്നതിന് ഒപ്പം സ്‌ഫോടക വസ്തുക്കളോ മറ്റ് അപകടഭീഷണി ഉയര്‍ത്തുന്ന വസ്തുക്കളോ കണ്ടെത്തുന്നതിനാണ് സാങ്കേതികവിദ്യ ലക്ഷ്യമിടുന്നതെന്ന് ഫെഡറല്‍ സെക്യൂരിറ്റി അതോറിറ്റി മേധാവി നാദ സെമാന്‍ പറഞ്ഞു. സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിന് വേണ്ടി ക്രൗണ്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ഫണ്ടിംഗ് ആദ്യ വര്‍ഷത്തേക്ക് ഏകദേശം 23 മില്യണ്‍ ഡോളറാണ്. ഈ ഫാള്‍ സീസണ്‍ മുതല്‍ നിരവധി വിമാനത്താവളങ്ങളില്‍ സ്ഥാപിക്കുമെന്ന് ഏജന്‍സി അറിയിച്ചു.