'ഗോസ്റ്റ്' സൈബര്‍ക്രൈം പ്ലാറ്റ്‌ഫോമിനെ തകര്‍ത്തെറിഞ്ഞ് യൂറോപോള്‍: ആഗോളതലത്തില്‍ 51 പേര്‍ പിടിയില്‍ 

By: 600002 On: Sep 19, 2024, 5:39 PM

 

'ഗോസ്റ്റ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ സൈബര്‍ക്രൈം പ്ലാറ്റ്‌ഫോമിനെ ഇന്റര്‍നാഷണല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് യൂറോപോള്‍ നടത്തിയ ഓപ്പറേഷനിലൂടെ തകര്‍ത്തതായി റിപ്പോര്‍ട്ട്. വലിയ തോതില്‍ മയക്കുമരുന്ന് കടത്തും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്ന എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ പ്ലാറ്റ്‌ഫോമാണ് 'ഗോസ്റ്റ്'.  ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവില്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് 51 ഓളം പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് സൂചന. 

വിപുലമായ സുരക്ഷാ ഫീച്ചറുകളാല്‍ ക്രിമിനല്‍ സംഘടനകള്‍ക്കിടയില്‍ പ്ലാറ്റ്‌ഫോം ജനപ്രീതി നേടിയിരുന്നു. ഈ പ്ലാറ്റ്‌ഫോം തകര്‍ത്തത് ആഗോള സംഘടിത കുറ്റകൃത്യ ശൃംഖലകള്‍ക്ക് കാര്യമായ പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ജീവന് നേരെയുള്ള നിരവധി ഭീഷണികളെ ഓപ്പറേഷന്‍ വഴി തടയാന്‍ കഴിഞ്ഞതായി യൂറോപോള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ മയക്കുമരുന്ന് ലാബ് പൊളിച്ചുമാറ്റി. ആഗോളതലത്തില്‍ ആയുധങ്ങളും മയക്കുമരുന്നുകളും ഒരു മില്യണ്‍ യൂറോ(1.11 മില്യണ്‍ ഡോളര്‍) പണവും പിടിച്ചെടുത്തു. 

ക്രിമിനല്‍ ശൃംഖലകള്‍ എത്രതന്നെ മറഞ്ഞിരുന്ന് പ്രവര്‍ത്തിച്ചാലും തങ്ങളുടെ കൂട്ടായ പ്രയത്‌നത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഈ ഓപ്പറേഷനിലൂടെ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് യൂറോപോള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കാതറിന്‍ ഡി ബോലെ പറഞ്ഞു. ഗുരുതരമായ സംഘടിത കുറ്റകൃത്യങ്ങളുടെ പ്രധാനകേന്ദ്രമാണ് ഗോസ്റ്റ് പ്ലാറ്റ്‌ഫോമെന്ന് കാതറിന്‍ ഡി ബോലെ പറഞ്ഞു.