മിസ്സിസാഗയില്‍ പോര്‍ഷെ കാര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി 

By: 600002 On: Sep 19, 2024, 2:53 PM

 

 

മിസിസ്സാഗയില്‍ പോര്‍ഷെ കാര്‍ വാങ്ങാനെത്തിയ സ്ത്രീ ഉടമസ്ഥന്റെ കണ്‍മുന്നില്‍ കാറുമായി കടന്നുകളഞ്ഞു. ക്രെഡിറ്റ്‌വാലി റോഡിന് സമീപമുള്ള വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, എഗ്ലിന്റണ്‍ അവന്യു ഏരിയയിലെ വീട്ടില്‍ സെപ്തംബര്‍ 6 ന് ഉച്ചയ്ക്ക് 2 മണിയോടെ കാര്‍ വാങ്ങാനായി എത്തിയപ്പോഴാണ് സംഭവം. യുവതി കാറുമായി കടന്നുകളയുന്ന ഡോര്‍ബെല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പീല്‍ റീജിയണല്‍ പോലീസ് പുറത്തുവിട്ടു. 

പോര്‍ഷെ കയെന്‍ ഓടിച്ച് പരിശോധിക്കുന്ന സ്ത്രീ ഡ്രൈവ് വേയിലൂടെ പിന്നിലേക്ക് നടന്ന ഉടമസ്ഥനെ ഇടിച്ചുതെറിപ്പിച്ചാണ് കാറുമായി കടന്നുകളഞ്ഞത്. വീഡിയോ ദൃശ്യത്തിലൂടെ അഞ്ചടി-അഞ്ച് ഇഞ്ച് ഉയരമുള്ള ദക്ഷിണേഷ്യക്കാരിയാണ് കാര്‍ മോഷ്ടിച്ചതെന്ന് കരുതുന്നു. വെള്ള ലോംഗ് സ്ലീവ് ഷര്‍ട്ട്, ബ്രൗണ്‍ സ്‌കേര്‍ട്ട്, ലെതര്‍ സ്ട്രാപ്പുള്ള ചെരുപ്പ് എന്നിവ ധരിച്ചിരുന്നു. മറ്റൊരു വാഹനത്തില്‍ സ്ത്രീക്കൊപ്പം സഹായത്തിന് ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.