വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാനഡയിലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം 

By: 600002 On: Sep 19, 2024, 8:09 AM

 

 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാനഡയില്‍ മരിച്ചത് 172 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്കുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 നും 2024 ജൂലൈയ്ക്കും ഇടയില്‍ ലോകത്ത് മറ്റിടങ്ങളേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ മരിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വാഭാവിക മരണങ്ങള്‍, അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും മരണകാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഒമ്പത് പേര്‍ ആക്രമണത്തെ തുടര്‍ന്ന് മരിച്ചതായാണ് കണക്കുകള്‍. 

2022 സെപ്റ്റംബര്‍ 18 ന് ഒന്റാരിയോ ലണ്ടനില്‍ ഹിറ്റ് ആന്‍ഡ് റണ്ണില്‍ മരിച്ച 29 വയസ്സുള്ള മലയാളിയായ ജിബിന്‍ ബിനോയും വിദേശ മന്ത്രാലയത്തിന്റെ കണക്കുകളില്‍ ഉള്‍പ്പെടുന്നു. ഡൗണ്‍ടൗണ്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് പുലര്‍ച്ചെ 4 മണിയോടെ വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ ബിനോയ് കൊല്ലപ്പെട്ടത്. 

കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ കുറിച്ച് അധികാരികള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് താന്‍ കരുതുന്നതായി പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ താമസിച്ച് ജോലി ചെയ്യുന്ന ബിനോയിയുടെ ഭാര്യാ സഹോദരന്‍ റോഷന്‍ മാത്യു പറയുന്നു. ബിനോയിയുടെ മരണം വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും മറ്റുള്ളവരുടെ മരണകാരണം ദുരൂഹമായി തുടരുകയാണ്. അമേരിക്കയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ രണ്ടാമതുള്ളത്. 108 വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ മരണമടഞ്ഞത്. യുകെയില്‍ 58 പേരും ഓസ്‌ട്രേലിയയില്‍ 57 പേരും മരിച്ചു. 

ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്കുകള്‍ വിശകലനം ചെയ്ത കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ്(സിഎഫ്എസ്)-ഒന്റാരിയോ ചെയര്‍ അഡേസ് എംബലാജ കാനഡയിലെ മരണ നിരക്ക് ഭയപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്ന് പറഞ്ഞു.