ഛിന്നഗ്രഹം; ഭൂമിയെ തൊട്ടുപോലും നോവിക്കാതെ ആകാശ ഭീമന്‍ കടന്നുപോയി

By: 600007 On: Sep 18, 2024, 5:07 PM

ഭയപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല. രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം '2024 ഒഎന്‍' (Asteroid 2024 ON) ഭൂമിക്ക് യാതൊരു പരിക്കുമേല്‍പിക്കാതെ കടന്നുപോയി. സെപ്റ്റംബര്‍ 17ന് സെൻട്രൽ യൂറോപ്യൻ സമ്മർ ടൈം പ്രകാരം 10:17നാണ് 2024 ഒഎന്‍ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തുക എന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സൗമ്യതയോടെ 2024 ഒഎന്‍ ഭൂമിയെ പിന്നിലാക്കി കുതിച്ചു. 2035ല്‍ വീണ്ടും 2024 ഒഎന്‍ ഭൂമിക്ക് അരികിലെത്തും. 

കണ്ടെത്തിയത് മുതല്‍ നാസ വിടാതെ പിന്തുടര്‍ന്ന ഛിന്നഗ്രഹമായിരുന്നു 2024 ഒഎന്‍. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും 2024 ഒഎന്‍ ഛിന്നഗ്രഹത്തില്‍ ഒരു കണ്ണ് വച്ചു. അസാധാരണമായ വലിപ്പവും വേഗവുമായിരുന്നു ഇതിന് കാരണം. 210-500 മീറ്റര്‍ വലിപ്പം കണക്കാക്കുന്ന ഈ ഛിന്നഗ്രഹം 40,233 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത് എന്നായിരുന്നു നാസയുടെ അനുമാനം. ഭൂമിയെ തൊട്ടുപോലും നോവിക്കാതെ 2024 ഒഎന്‍ സുരക്ഷിത അകലത്തിലൂടെ കടന്നുപോകുമെന്ന് നാസ നേരത്തെ പ്രവചിച്ചുവെങ്കിലും ബഹിരാകാശത്തെ മറ്റ് കൂട്ടയിടികളെ തുടര്‍ന്ന് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാതയില്‍ വ്യതിയാനമുണ്ടായാല്‍ അത് ഭൂമിയില്‍ കനത്ത നാശനഷ്‌ടമുണ്ടാക്കും എന്നതായിരുന്നു ആശങ്കകള്‍ക്ക് കാരണം. എന്നാല്‍ എല്ലാ ആശങ്കകളും അവസാനിപ്പിച്ച്  2024 ഒഎന്‍ ഛിന്നഗ്രഹം കടന്നുപോയി.