ദില്ലി: ഐ എസ് ആർ ഒയുടെ വമ്പൻ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങൾക്ക് കേന്ദ്ര സർക്കാരിന്‍റെ അനുമതി. ചന്ദ്രയാൻ 4 ഉം വീനസ് ദൗത്യവുമടക്കമുള്ള വമ്പൻ പദ്ധതികൾക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. ഗഗൻയാൻ ദൗത്യങ്ങളുടെ അടുത്ത ഘട്ടത്തിനും അനുമതി നൽകിയിട്ടുണ്ട്.
ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ചന്ദ്രയാൻ നാലിനും ശുക്രനിലേക്കുള്ള ദൗത്യത്തിനും അനുമതി നൽകിയത്. ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും തിരികെ ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാൻ നാലിന്റെ ലക്ഷ്യം. ശുക്രനിലേക്കുള്ള വീനസ് ഓർബിറ്റർ ദൗത്യം ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ. ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ് ഇതെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഗഗൻയാൻ പദ്ധതിയുടെ വ്യാപനത്തിലൂടെ പുതുലക്ഷ്യങ്ങളാണ് ഐ എസ് ആർ ഒയ്ക്ക് ഉള്ളത്. പുതു തലമുറ വിക്ഷേപണ വാഹനമാകും ഇത്. എൻ ജി എൽ വി യുടെ വികസനത്തിനും കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകിയിട്ടുണ്ട്.