ആല്‍ബെര്‍ട്ട ഷെരീഫിന്റെ പുതിയ ടീമിനെ കാല്‍ഗറിയില്‍ വിന്യസിപ്പിക്കുന്നു. ഫ്യുജിറ്റീവ് അപ്രെഹെന്‍ഷന്‍ ഷെരീഫ് സപ്പോര്‍ട്ട് ടീമിനെ(FASST) കാല്‍ഗറിയിലേക്ക് വിപുലീകരിച്ചതായി പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. FASST ടീമില്‍ 14 അംഗങ്ങളാണുള്ളത്. ഇതില്‍ ഏഴ് പേര്‍ എഡ്മന്റണിലാണുള്ളത്. ഏഴ് പേര്‍ കാല്‍ഗറി പോലീസ് സര്‍വീസിനൊപ്പം ചേര്‍ന്ന് കാല്‍ഗറിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രൊവിന്‍ഷ്യല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാല്‍ഗറി പോലീസ് സര്‍വീസിനൊപ്പം വിവിധ ജോലികള്‍ക്കായി ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും FASST ഉദ്യോഗസ്ഥര്‍ തുടര്‍ന്നും സഹായത്തിനുണ്ടാകുമെന്ന് പോലീസ് ചീഫ് മാര്‍ക്ക് ന്യൂഫെല്‍ഡ് പറഞ്ഞു. വിവിധ അധികാരപരിധികളിലേക്ക് രക്ഷപ്പെട്ടോടുന്നതും ഒളിവില്‍ കഴിയുന്നതുമായ കുറ്റവാളികളെ കണ്ടെത്താന്‍ ടീം സഹായിക്കുമെന്ന് ന്യൂഫെല്‍ഡ് പറഞ്ഞു.
ടീമിനെ വിന്യസിച്ചതില്‍ വിവിധ കോണുകളില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരുപാട് പണച്ചെലവുള്ള തീരുമാനമാണിതെന്ന് ഒരു കൂട്ടം അഡ്വക്കേറ്റ്‌സ് പ്രതികരിച്ചു. എന്നാല്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ നീക്കമായി ചിലര്‍ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.