ഭാര്യയെ മയക്കുമരുന്ന് നൽകി അപരിചിതരെക്കൊണ്ട് ബലാത്സം​ഗം ചെയ്യിച്ചു, താനുമൊരു റേപ്പിസ്റ്റെന്ന് പ്രതി

By: 600007 On: Sep 17, 2024, 3:08 PM

 

താൻ ഒരു റേപ്പിസ്റ്റാണ് എന്നും തന്റെ ഭാര്യയെ ബലാത്സം​ഗം ചെയ്ത 50 പേരിൽ ഒരാളാണ് താനെന്നും ഫ്രാൻസിനെ ഞെട്ടിച്ച ബലാത്സം​ഗ കേസിലെ പ്രതി ഡൊമിനിക് പെലിക്കോട്ട്. 10 വർഷം ഭാര്യയെ മയക്കുമരുന്ന് കൊടുത്ത് മയക്കിക്കിടത്തിയ ശേഷം അപരിചിതരെ കൊണ്ട് ബലാത്സം​ഗം ചെയ്യിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. 


കുറച്ച് നാളുകൾക്ക് മുമ്പാണ് ഫ്രാൻസിനെയാകെ പിടിച്ചുകുലുക്കിയ ബലാത്സം​ഗക്കേസ് പുറംലോകം അറിയുന്നത്. 71 കാരനായ പെലിക്കോട്ട് ഓൺലൈനിലും മറ്റുമായി തന്റെ ഭാര്യയെ ബലാത്സം​ഗം ചെയ്യുന്നതിനായി ആളുകളെ വിളിച്ചു വരുത്തുകയായിരുന്നു. അതിന് മുമ്പായി മയക്കുമരുന്ന് നൽകി ഭാര്യയെ ബോധം കെടുത്തിയിരുന്നു. അപരിചിതർ ഭാര്യയെ ബലാത്സം​ഗം ചെയ്യുന്ന ​ദൃശ്യങ്ങളും ഇയാൾ പകർത്തിയിരുന്നു. 2011 മുതലിങ്ങോട്ട് പെലിക്കോട്ടിന്റെ ഭാര്യയോട് ലൈം​ഗികാതിക്രമം കാണിച്ച 50 പേരെയാണ് കോടതി വിചാരണ ചെയ്യുന്നത്. 

തന്നെ ചൂഷണം ചെയ്യുന്നത് ഇയാളുടെ ഭാര്യ അറിയാതിരിക്കുന്നതിന് വേണ്ടി വിളിച്ചുവരുത്തുന്ന പുരുഷന്മാർക്ക് ചില നിർദ്ദേശങ്ങളും പെലിക്കോട്ട് നൽകിയിരുന്നു. എന്നാൽ, പിന്നീട് ബലാത്സം​ഗവിവരം പുറത്തറിയുകയായിരുന്നു. കഴിഞ്ഞ മാസം ഭാര്യ ഇയാളെ വിവാഹമോചനം ചെയ്തിരുന്നു. താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നും ഒരിക്കൽ പോലും ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് സംശയിച്ചിരുന്നില്ല എന്നുമാണ് ഇയാളുടെ ഭാര്യ പ്രതികരിച്ചത്. 

ഇപ്പോൾ വിചാരണയ്ക്കിടെയാണ് പെലിക്കോട്ട് താൻ ഒരു റേപ്പിസ്റ്റാണ് എന്നും തന്റെ ഭാര്യ ഒരിക്കലും ഇതൊന്നും അർഹിച്ചിരുന്നില്ല എന്നും പറഞ്ഞിരിക്കുന്നത്. ഭാര്യയെ താൻ ഒരുപാട് സ്നേഹിച്ചിരുന്നു, തന്റെ ബാല്യകാലത്തിലടക്കമുള്ള അനുഭവമാണ് തന്നെ ഇങ്ങനെയാക്കിയത് എന്നെല്ലാമാണ് പെലിക്കോട്ടിന്റെ വാദം. 

അച്ഛനും അമ്മയും എപ്പോഴും പരസ്പരം ഉപദ്രവിച്ചിരുന്നു എന്നും തനിക്ക് ചെറുപ്പത്തിലടക്കം രണ്ട് തവണ ബലാത്സം​ഗത്തിന് സാക്ഷിയാകേണ്ടി വന്നിരുന്നു എന്നെല്ലാം ഇയാൾ പറയുന്നു. ബലാത്സംഗക്കുറ്റം നേരത്തെ തന്നെ ഡൊമിനിക് പെലിക്കോട്ട് സമ്മതിച്ചിരുന്നു. എന്നിരുന്നാലും, സെപ്തംബർ 2 -ന് വിചാരണ ആരംഭിച്ചതിന് ശേഷം ചൊവ്വാഴ്ചയാണ് അയാൾ തൻ്റെ കുറ്റകൃത്യത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നത്.

"ഞാൻ ചെയ്തത് തെറ്റാണ്, ഞാൻ അതിൽ കുറ്റവാളിയാണ്. എൻ്റെ ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടും  എൻ്റെ ക്ഷമാപണം സ്വീകരിക്കാൻ ഞാൻ അപേക്ഷിക്കുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു" എന്നും പെലിക്കോട്ട് പറഞ്ഞു. 

പെലിക്കോട്ട് അറസ്റ്റിലായതിന് പിന്നാലെ ഫ്രാൻസിൽ ഇയാളുടെ ഭാര്യയെ പിന്തുണച്ചുകൊണ്ടും ഇയാൾക്കെതിരെ പ്രതികരിച്ചുകൊണ്ടും പ്രകടനങ്ങളടക്കം വലിയ പ്രതിഷേധം തന്നെ ഉയർന്നിരുന്നു.