യോര്‍ക്ക് റീജിയണില്‍ ഈ വര്‍ഷം ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് സ്ഥിരീകരിച്ചു 

By: 600002 On: Sep 17, 2024, 12:12 PM

 

 

യോര്‍ക്ക് റീജിയണില്‍ ഈ വര്‍ഷം ആദ്യമായി മനുഷ്യനില്‍ വെസ്റ്റ്‌നൈല്‍ വൈറസ് സ്ഥിരീകരിച്ചു. വോഗനിലുള്ളയാള്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ്‌നൈല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കൊതുകു കടിയില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും യോര്‍ക്ക് റീജിയണ്‍ ആക്ടിംഗ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത്, ഡോ. ഫരീന്‍ കറാച്ചിവാല വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. 

വൈറസ് വാഹകരായ കൊതുകിന്റെ കടിയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. വെസ്റ്റ് നൈല്‍ ബാധിച്ചയാള്‍ക്ക് രണ്ട് മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ശരീരവേദന, ത്വക്കില്‍ ചുണങ്ങ്, ലിംഫ് ഗ്രന്ഥി വീക്കം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.