അഫ്ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ നിർത്തിവെച്ച് താലിബാൻ

By: 600007 On: Sep 17, 2024, 11:39 AM

 

അഫ്ഗാനിസ്ഥാനിലെ പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ താലിബാൻ ഭരണകൂടം നിർത്തിവെച്ചതായി യുഎൻ. പോളിയോ നിർമ്മാർജനത്തിന് താലിബാന്റെ നടപടി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് യുഎൻ വ്യക്തമാക്കി. താലിബാന്റെ തീരുമാനം മേഖലയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. താലിബാൻ ഇത്തരമൊരു തീരുമാനം സ്വീകരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും താലിബാൻ നിയന്ത്രിത സർക്കാരിൽ നിന്ന് ഔദ്യോഗികമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും യുഎൻ വ്യക്തമാക്കി. 


അതേസമയം, അഫ്ഗാനിസ്ഥാനിൽ ഈ വ‍‍ർഷം ഇതിനകം തന്നെ 18-ലധികം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ വർഷം ഇത് വെറും ആറ് കേസുകളായിരുന്നു. പാകിസ്ഥാന് പുറമെ അഫ്ഗാനിസ്ഥാനിലും മാരകമായേക്കാവുന്ന രോഗമാണ് പോളിയോ. ഇത് പക്ഷാഘാതം ഉണ്ടാകാൻ വരെ കാരണമാകുന്ന ഒന്നാണെന്നും അഫ്ഗാനിസ്ഥാനിൽ പോളിയോ രോഗം അതിവേഗം പടരുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.  മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് പോളിയോ പടരുന്നത്. കുടലിൽ വൈറസ് പെരുകുകയും പിന്നീട് അത് നാഡീവ്യവസ്ഥയെ ആക്രമിക്കുകയും ചെയ്യും.