കാല്‍ഗറിയില്‍ ഹൈവേയ്ക്ക് സമീപം റോക്കി വ്യൂ കൗണ്ടി വര്‍ക്കറെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഒരു മാസത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ആല്‍ബെര്‍ട്ട ആര്‍സിഎംപി അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 6 ന് റോക്കി വ്യൂ കൗണ്ടിയിലെ തൊഴിലാളി കോളിന്‍ ഹോഗ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പ്രതികളില്‍ ഒരാളായ 28 വയസ്സുള്ള എലൈജ ബ്ലേക്ക് സ്‌ട്രോബറിയാണ് പിടിയിലായത്. പ്രതിക്ക് വേണ്ടി പോലീസ് ഒരു മാസത്തിലേറെയായി തിരച്ചില്‍ നടത്തുകയായിരുന്നു. ഓഗസ്റ്റ് 11 ന് എഡ്മന്റണ്‍ ഏരിയയില്‍ നിന്ന് പ്രതികളിലൊരാളായ ആര്‍തര്‍ വെയ്‌നെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
റോക്കി മൗണ്ടെയ്ന്‍ ഹൗസില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയായി ഒ'ചീസ് ഫസ്റ്റ് നേഷനില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ശേഷമാണ് സ്‌ട്രോബറിയെ ആര്‍സിഎംപി മേജര്‍ ക്രൈംസ് യൂണിറ്റ് കസ്റ്റഡിയിലെടുത്തതെന്ന് ആര്‍സിഎംപി ചീഫ് സൂപ്രണ്ട് റോബര്‍ട്ട മക്കലെ പറഞ്ഞു. ആകസ്മികമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സ്‌ട്രോബറിയെ പിടികൂടാനായത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒ' ചീസ് ഫസ്റ്റ് നേഷനില്‍ പരിശോധന നടത്തുന്നതിനിടയിലാണ് അവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന സ്‌ട്രോബറിയെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതുമെന്ന് റോബര്‍ട്ട മക്കലെ പറഞ്ഞു.
വാഹനമോഷണത്തിനിടയിലാണ് ഹോഗിന് വെടിയേറ്റത്. ഫോര്‍ട്ടിസ് ആല്‍ബെര്‍ട്ട വര്‍ക്കറായിരുന്നു ഹോഗ്. മറ്റൊരു തൊഴിലാളിക്കും വെടിയേറ്റിരുന്നു. പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. വെടിവെപ്പ് നടത്തിയതിന് ശേഷം പ്രതികള്‍ കൗണ്ടി വര്‍ക്ക് ട്രക്ക് മോഷ്ടിച്ചു. പിന്നീട് 40 കിലോമീറ്റര്‍ അകലെയായി വീറ്റ്‌ലാന്‍ഡ് കൗണ്ടില്‍ ട്രക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സ്‌ട്രോബറിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.