ആല്‍ബെര്‍ട്ട-ബീസി അതിര്‍ത്തിക്ക് സമീപം ക്രൗസ്‌നെസ്റ്റ് പാസില്‍ കരടിയുടെ ആക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റ ആളുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആല്‍ബെര്‍ട്ടയിലെ കോള്‍മാനിന് വടക്ക്പടിഞ്ഞാറ് അലിസണ്‍ ക്രീക്ക് റോഡ് ഏരിയയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആക്രമണമുണ്ടായതെന്ന് ആല്‍ബെര്‍ട്ട ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ 40 വയസ് തോന്നിക്കുന്ന ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഈ പ്രദേശത്ത് രണ്ട് ഹൈക്കര്‍മാര്‍ ഉണ്ടായിരുന്നുവെന്ന് ആര്‍സിഎംപി പറഞ്ഞു. ഇതില്‍ ഒരാള്‍ക്ക് ഗാര്‍മിന്‍ എസ്ഒഎസ് ഉപകരണം ഉപയോഗിച്ച് സിഗ്നല്‍ നല്‍കാന്‍ കഴിഞ്ഞതായി പോലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു ഹൈക്കറെയാണ് കരടി ആക്രമിച്ചത്. ഇയാളെ സ്റ്റാര്‍സ് എയര്‍ ആംബുലന്‍സില്‍ സ്ഥലത്ത് നിന്നും എയര്‍ലിഫ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഗ്രിസ്ലി കരടിയാണോ, അതോ കറുത്ത കരടിയാണോ ആക്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ആര്‍സിഎംപിയും ആല്‍ബെര്‍ട്ട ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫും ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്.