പൈലറ്റുമാരുമായി താല്‍ക്കാലിക കരാറിലെത്തിയതോടെ എയര്‍ കാനഡ പൈലറ്റുമാരുടെ സമരം പിന്‍വലിച്ചു. 5200 പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷനാണ് പണിമുടക്ക് പിന്‍വലിച്ചത്. ബുധനാഴ്ച പണിമുടക്ക് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എയര്‍ കാനഡയും എയര്‍ കാനഡ റൂജും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും യൂണിയന്‍ അംഗങ്ങള്‍ നാല് വര്‍ഷത്തെ കരാര്‍ തുടരുമെന്നും അറിയിച്ചു.
പുതിയ കരാറിന്റെ നിബന്ധനകള്‍ അടുത്തമാസം പൂര്‍ത്തിയാകുമെന്നും എയര്‍ കാനഡയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നത് വരെ തുടരുമെന്നും പറഞ്ഞു. താല്‍ക്കാലിക കരാര്‍ അംഗീകരിച്ചാല്‍ കരാറിന്റെ കാലയളവില്‍ എയര്‍ കാനഡ പൈലറ്റുമാര്‍ക്ക് ഏകദേശം 190 കോടി ഡോളര്‍ അധിക മൂല്യം ലഭിക്കും. ലേബര്‍ ഡിസ്ട്രപ്ഷന്‍ പ്ലാന്‍ പ്രകാരം ഞായറാഴ്ച മുതല്‍ സെപ്തംബര്‍ 23 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന ഫ്‌ളൈറ്റുകളിലെ യാത്രക്കാര്‍ക്ക് അവരുടെ ബുക്കിംഗ് അതേ ക്യാബിനിലെ യഥാര്‍ത്ഥ ഫ്‌ളൈറ്റിലേക്ക് മാറ്റുമെന്നും എയര്‍ലൈന്‍ അറിയിച്ചു.