മ്യാൻമാറിൽ ചുഴലിക്കാറ്റിൽ മരണസംഖ്യ 74 ആയി

By: 600007 On: Sep 15, 2024, 3:53 PM

മ്യാൻമറിൽ നാശം വിതച്ച് യാഗി ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. 89 പേരെ കാണാനില്ലെന്നാണ് വിവരം. പ്രകൃതിദുരന്തത്തെ നേരിടാൻ സൈന്യം വിദേശ സഹായം ആവശ്യപ്പെട്ട് അഭ്യർത്ഥന നടത്തിയതിന് തൊട്ടുപിന്നാലെയാണ് മരണസംഖ്യയിലെ ഈ കുതിച്ചുചാട്ടം എന്നത് ആശങ്ക ഉയർത്തുന്നുണ്ട്. 


ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയം , മണ്ണിടിച്ചിൽ എന്നിവയിൽ മ്യാൻമർ, വിയറ്റ്നാം, ലാഓസ്, തായ്ലാന്റ് എന്നിവിടങ്ങളിലായി 350 ലധികം പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ഈ വർഷം ഏഷ്യയിൽ വീശിയടിക്കുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് യാഗി ചുഴലിക്കാറ്റ്. നദികളിലെ വെള്ളപ്പൊക്കം പ്രദേശത്തുടനീളമുള്ള നഗരങ്ങളെ വെള്ളത്തിനടിയിലാക്കിയിട്ടുണ്ട്. 

മ്യാൻമറിലെ ഗ്ലോബൽ ന്യൂ ലൈറ്റ് റിപ്പോർട്ട് പ്രകാരം വെള്ളപ്പൊക്കം 65,000 ലധികം വീടുകളും അഞ്ച് അണക്കെട്ടുകളും തകർത്തിട്ടുണ്ട്. തലസ്ഥാന നഗരമായ നയ്പിഡോ ഉൾപ്പെടെയുള്ള ഇടനങ്ങളിൽ വെള്ളം കയറിയിട്ടിണ്ട്. നിരവധി കൃഷിയിടങ്ങൾ നശിച്ചു.മലയോര മേഖലകളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 82 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം തന്നെ തുറന്നിട്ടുണ്ട്.