ഓൺലൈനിൽ ഇഷ്ടം പോലെ തട്ടിപ്പ് നടക്കുന്നുണ്ട്. അതിൽ ഇപ്പോൾ ഡേറ്റിംഗ് ആപ്പുകളും തട്ടിപ്പിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അതിൽ പ്രധാനമാണ് ഡേറ്റിന് പോവുക, ഒരുപാട് ഭക്ഷണം കഴിച്ച ശേഷം ഒരാൾ ഒറ്റയ്ക്ക് വലിയ ബില്ല് അടക്കേണ്ടി വരിക എന്നത്. എന്നാൽ, അതിനേക്കാൾ ഒരുപടി കൂടി കടന്ന് വിലയേറിയ സമ്മാനങ്ങൾ ചോദിച്ചു വാങ്ങിയാൽ എന്താവും അവസ്ഥ? അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
ഹിഞ്ച് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയാണ് യുവാവിനോട് ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. യുവാവും യുവതിയും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് യുവാവ് തന്നെയാണ് റെഡ്ഡിറ്റിൽ പങ്കുവച്ചത്. അതിൽ യുവതി ചോദിക്കുന്നത്? ബ്രോ ഗേ ആണോ എന്നാണ്. അങ്ങനെ തോന്നാൻ എന്താണ് കാരണം എന്ന് യുവാവ് തിരിച്ചു ചോദിക്കുന്നുണ്ട്. പ്രൊഫൈൽ കണ്ടപ്പോൾ അങ്ങനെ തോന്നി എന്നാണ് യുവതിയുടെ മറുപടി.
പ്രത്യേകമായി എന്ത് കാരണം കൊണ്ടാണ് അങ്ങനെയൊരു തോന്നലുണ്ടായത് എന്ന് യുവാവ് ചോദിക്കുന്നുണ്ട്. എന്തായാലും, പിന്നീട് യുവാവ് താൻ ഗേ അല്ല എന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. അപ്പോൾ യുവതി അത് തെളിയിക്കാനാണ് പറയുന്നത്. ഗൂഗിളിൽ എന്നെ കുറിച്ച് തിരഞ്ഞ് നോക്കൂ, അതിൽ ആവശ്യത്തിന് തെളിവുണ്ടാകും എന്ന് യുവാവ് പറയുന്നു. എന്നാൽ, യുവതിക്ക് അത് ബോധ്യപ്പെട്ടില്ല. അവസാനം യുവതി പറയുന്നത്, ഗേ അല്ലെന്ന് തെളിയിക്കാൻ തനിക്ക് ആമസോൺ ഗിഫ്റ്റ് കാർഡ് വാങ്ങിത്തരൂ എന്നാണ്.
ആദ്യം 7 കോടിയുടെ ഗിഫ്റ്റ് കാർഡാണ് യുവതി ചോദിക്കുന്നത്. പിന്നീട് അത് ഒരു ഫോൺ കവർ വാങ്ങാനായി 999 രൂപയുടേത് മതി എന്നാണ് പറയുന്നത്.
എന്തായാലും, യുവാവിന്റെ പോസ്റ്റ് ആളുകളെ ഞെട്ടിച്ചു കളഞ്ഞു. എങ്ങനെയൊക്കെയാണ് ആളുകൾ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നത് എന്നാണ് ആളുകൾ അന്തംവിട്ടത്.