പൊളാരിസ് ഡോൺ ദൗത്യസംഘം സുരക്ഷിതമായി തിരിച്ചെത്തി, ചരിത്രത്തില്‍ ഇടംപിടിച്ച് ബഹിരാകാശ നടത്തം

By: 600007 On: Sep 15, 2024, 3:10 PM

ഫ്ലോറിഡ: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തമായ പൊളാരിസ് ഡോൺ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാന്‍ അടക്കമുള്ള നാലാംഗ സംഘം സുരക്ഷിതമായി മടങ്ങിയെത്തി. ഫ്ലോറിഡ തീരത്ത് ഇവരെ വഹിച്ചുകൊണ്ട് പൊളാരിസ് ഡോൺ ക്രൂ ക്യാപ്‌സൂള്‍ സുരക്ഷിതമായി കടലില്‍ ലാന്‍ഡ് ചെയ്തു. അഞ്ച് ദിവസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് നാലംഗ സംഘം വിജയകരമായി തിരിച്ചെത്തിയത്. 

ലോകത്തെ ആദ്യ കൊമേഴ്‌സ്യല്‍ സ്പേസ്‌വാക്ക് എന്ന രീതിയിലാണ് പൊളാരിസ് ഡോൺ ബഹിരാകാശ ദൗത്യം ചരിത്രമെഴുതിയത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് 2024 സെപ്റ്റംബര്‍ 10ന് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകത്തിലാണ് അഞ്ച് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി ഇവര്‍ പുറപ്പെട്ടത്. അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാനായിരുന്നു ദൗത്യ സംഘത്തലവൻ. മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സിലെ എഞ്ചിനീയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരായിരുന്നു പൊളാരിസ് ഡോൺ ബഹിരാകാശ യാത്രയിലെ മറ്റ് അംഗങ്ങൾ. 

1972ന് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ട് ഒരു ബഹിരാകാശ പേടകം എത്തിയ ഏറ്റവും വലിയ ഉയരമെന്ന നേട്ടവും പൊളാരിസ് ഡോൺ ദൗത്യസംഘത്തിന് സ്വന്തമായി. ഭൂമിയില്‍ നിന്ന് 870 മൈല്‍ അകലെ വരെ ഇവര്‍ സഞ്ചരിച്ചു. ചാന്ദ്രപര്യടനത്തിന് അല്ലാതെ ബഹിരാകാശത്ത് മനുഷ്യനെ വഹിച്ചുകൊണ്ട് ഒരു പേടകം സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരം കൂടിയാണിത്. പൊളാരിസ് ഡോൺ ദൗത്യ സംഘത്തിലെ ജാറെഡ് ഐസക്മാനും സാറാ ഗില്ലിസും ഏഴ് മിനിറ്റ് വീതം ബഹിരാകാശത്ത് പേടകത്തിന് പുറത്ത് ചെലവഴിച്ചു. ഭൂമിയിൽ നിന്ന് 732.2 കിലോമീറ്റർ ദൂരത്തിൽ വച്ചായിരുന്നു ഇവരുടെ ബഹിരാകാശ നടത്തം. സ്വകാര്യ കമ്പനിയായ സ്പേസ് എക്സിന്‍റെ സാങ്കേതിക തികവിന്‍റെ സാക്ഷ്യപത്രമായാണ് ദുഷ്‌കര ദൗത്യത്തിന്‍റെ വിജയം കണക്കാക്കുന്നത്.