വാഹനങ്ങളുടെ അമിതമായ ശബ്ദത്തിന് കാല്‍ഗറിയില്‍ പുതിയ പിഴ ഈടാക്കും 

By: 600002 On: Sep 14, 2024, 3:13 PM

 

നോയ്‌സ് ബൈലോയില്‍ മാറ്റം വരുത്തുകയാണ് കാല്‍ഗറി. പുതിയ മാറ്റത്തിലൂടെ അമിതമായി ഹോണടിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് പുതിയ പിഴ ഈടാക്കും. വ്യാഴാഴ്ച ചേര്‍ന്ന കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കമ്മിറ്റിയിലെ ഏകകണ്ഠമായ തീരുമാനമാണിത്. അമിതമായ വാഹനങ്ങളുടെ ശബ്ദത്തിന് പുതിയ പിഴകള്‍ ഉള്‍പ്പെടുത്താനും ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കാന്‍ കൂടുതല്‍ വിവേചനാധികാരം നല്‍കാനും കൗണ്‍സില്‍ വോട്ട് ചെയ്യും. 

എഞ്ചിന്‍ ശബ്ദത്തോടെ പ്രവര്‍ത്തിപ്പിക്കുകയോ വാഹനത്തില്‍ ഉച്ചത്തില്‍ പാട്ട് വെക്കുകയോ ടയറുകള്‍ ഉരസി ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നതിന് പിഴ ഈടാക്കിയേക്കാം. വാഹനം ഓണാക്കി നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ 96 ഡെസിബെല്‍ അല്ലെങ്കില്‍ 92 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്നതിന് 270 ഡോളറില്‍ കൂടുതല്‍ പിഴയ്ക്ക് കാരണമാകും. ശബ്ദ പരിശോധനയ്ക്കിടെ ഒരു ബൈലോ ഓഫീസറുടെ നിര്‍ദ്ദേശം പാലിക്കാന്‍ വിസമ്മതിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 300 ഡോളര്‍ പിഴയും ഈടാക്കും.