ട്രംപിനെയും കമലാ ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ

By: 600007 On: Sep 14, 2024, 2:27 PM

വത്തിക്കാൻ: അമേരിക്കൻ പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിലെ ഇരുസ്ഥാനാർഥികളെയും വിമർശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. സ്ഥാനാർത്ഥികൾ രണ്ട് പേരും ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരും, കുടിയേറ്റത്തെ എതിർക്കുന്നവരുമാണ്. ഇതിൽ നിന്ന് കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുക മാത്രമാണ് വോട്ടമാർക്ക് മുന്നിലെ വഴിയെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പ്രതികരിക്കുന്നത്. അത്യപൂർവമായാണ് മാർപ്പാപ്പ രാഷ്ട്രീയ പ്രതികരണം നടത്തുന്നത്. 


കാത്തലിക് വിഭാഗത്തിലെ വോട്ടർമാരോടാണ് തിന്മ കുറഞ്ഞവരെ തെരഞ്ഞെടുക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രംപിന്റെ കുടിയേറ്റത്തിനെതിരായ നിലപാടിനെ ഗുരുതരമായ പാപമെന്നും ഗർഭഛിദ്രത്തിന് അനുകൂലമായ കമല ഹാരിസിന്റെ നിലപാടിനെ കൊലപാതകമെന്നുമാണ് ഫ്രാൻസിസ് മാർപ്പാപ്പ വിശേഷിപ്പിക്കുന്നത്. ഒരാൾ അഭയാർത്ഥികളെ പുറത്താക്കുന്നയാളും രണ്ടാമത്തെയാൾ കുട്ടികളെ കൊല്ലുന്നയാളും ഇവ രണ്ടും ജീവന് എതിരായ പ്രവർത്തിയാണെന്നാണ് മാർപ്പാപ്പ വെള്ളിയാഴ്ച പ്രതികരിച്ചത്. 

എന്നാൽ പരാമർശങ്ങളിൽ ഇരുസ്ഥാനാർത്ഥികളുടേയും പേര് മാർപ്പാപ്പ ഉൾപ്പെടുത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള 1.4 ബില്യൺ കത്തോലിക്കാ വിശ്വാസികളിൽ 52 മില്യണാണ് അമേരിക്കയിലെ കത്തോലിക്കാ വിഭാഗം. എല്ലാവരോടും വോട്ട് രേഖപ്പെടുത്തണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് മോശമായ കാര്യമല്ല എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്നും കുറഞ്ഞ തിന്മയെ തെരഞ്ഞെടുക്കണമെന്നുമാണ് മാർപ്പാപ്പ വ്യക്തമാക്കുന്നത്. 

ട്രംപിനെതിരായ മാർപ്പാപ്പ പരാമർശനം നടത്തുന്നത് ഇത് ആദ്യത്തെ തവണയല്ല. 2016 തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ കുടിയേറ്റ നിലപാട് നിമിത്തം അക്രൈസ്തവൻ എന്നായിരുന്ന മാർപ്പാപ്പ വിശേഷിപ്പിച്ചത്. അടുത്തിടെയും ലക്ഷക്കണക്കിന് അഭയാർത്ഥികളെ അധികാരത്തിലേറിയാൽ പുറത്താക്കുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ഡൊണാൾഡ് ട്രംപും കമലാ ഹാരിസും തമ്മിലുള്ള ആദ്യ സംവാദം കഴിഞ്ഞതിന് പിന്നാലെയാണ് മാർപ്പാപ്പയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.