കാഴ്ചയും കേൾവിയും മാത്രമല്ല, രണ്ട് ദേശത്തിരുന്ന് ഇനി സ്പർശനവും സാധ്യം; പുത്തന്‍ സാങ്കേതിക വിദ്യയുമായി ഗവേഷകർ

By: 600007 On: Sep 14, 2024, 2:03 PM

ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും ആ ദൂരം മായ്ക്കാൻ ഇന്ന് നമ്മെ സഹായിക്കുന്നത് വീഡിയോ കോളുകളാണ്. ലോകത്തിന്‍റെ ഏത് കോണിലിരുന്നും നമ്മുടെ പ്രിയപ്പെട്ടവരെ കണ്ടുകൊണ്ട് സംസാരിക്കാൻ വീഡിയോ കോളുകൾ സഹായിക്കുന്നു. സാങ്കേതികവിദ്യ അനുദിനം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ലോകത്തില്‍ മറ്റൊരു നിർണ്ണായക ചുവട് വെയ്പ്പുകൂടി നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. ഒരു പുതിയ യുഗത്തിന് തന്നെ തുടക്കമായേക്കാവുന്ന ഈ കണ്ടുപിടുത്തത്തിലൂടെ ഇനി ദൂരങ്ങളിൽ ഇരുന്ന് പരസ്പരം കാണാൻ മാത്രമല്ല സ്പർശിക്കാൻ കൂടി സാധിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. 

വെർച്വൽ ലോകത്ത് പരസ്പര സ്പർശനം അനുഭവിക്കാന്‍ കഴിയുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നിൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഒരു കൂട്ടം ഗവേഷകരാണ്. ബയോ-ഇൻസ്‌പൈർഡ് ഹാപ്‌റ്റിക് സിസ്റ്റം (BAMH) എന്നാണ് ഇത് അറിയപ്പെടുന്നത്. നാഡീ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ സാങ്കേതികവിദ്യ സ്പർശനങ്ങളോട് പ്രതികരിക്കുന്നു. വിരൽത്തുമ്പിൽ സെൻസിറ്റിവിറ്റിയുള്ള കുറഞ്ഞ രോഗികൾക്ക് അവരുടെ സ്പർശനബോധം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് നിർണ്ണയിക്കാനാണ് ഈ ഉപകരണം നിലവിൽ ഉപയോഗിക്കുന്നത്. 

ഒരു ഡയഗ്നോസ്റ്റിക് ടൂൾ എന്ന നിലയിൽ ആരോഗ്യ സംരക്ഷണത്തിൽ പുതിയ കണ്ട് പിടിത്തം ഏറെ സഹായകമാകുമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. പ്രത്യേകമായി രൂപകല്പന ചെയ്ത ഒരു കൈയുറയുടെ സഹായത്തോടെയാണ് ഈ വെർച്വൽ സ്പർശനം അനുഭവകരമാക്കുന്നത്. ശാരീരിക സ്പർശനം വ്യക്തികൾ തമ്മിലുള്ള പരസ്പര ബന്ധത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ടെന്നും അത് തിരിച്ചറിഞ്ഞാണ് തങ്ങൾ വെർച്വൽ ലോകത്തെ സാമൂഹിക ഇടപെടലുകളിൽ സ്പർശനം സാധ്യമാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് എന്നുമാണ് ഗവേഷണ സംഘാംഗമായ ഡോ. സാറാ അബാദ് വ്യക്തമാക്കുന്നത്.