കാനഡയില്‍ മരിക്കുന്ന 18 പേരില്‍ ഒരാള്‍ മരിക്കുന്നത് സെപ്‌സിസ് മൂലമെന്ന് കനേഡിയന്‍ സെപ്‌സിസ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട്. ദേശീയ മരണനിരക്കില്‍ 12 ാമത് കാരണമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തത്തിലെ അണുബാധ മൂലമുണ്ടാകുന്ന മാരകമായ രോഗമാണ് സെപ്‌സിസ്. രക്തത്തില്‍ ബാക്ടീരിയയില്‍ നിന്നുള്ള വിഷാംശം(എന്‍ഡോടോക്‌സിന്‍) പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് സെപ്‌സിസ്.
സെപ്‌സിസ് മൂലം ആഗോളതലത്തില്‍ ഓരോ വര്‍ഷവും 50 ദശലക്ഷം കേസുകളും 11 ദശലക്ഷം മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനാല്‍ സെപ്‌സിസ് ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ്. രോഗവ്യാപനം രൂക്ഷമായിട്ടും വേഗത്തിലും കൃത്യമായും രോഗനിര്‍ണയം നടത്തുന്നത് ബുദ്ധിമുട്ടേറിയതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സെപ്‌സിസ് ഏത് പ്രായക്കാരെയും ബാധിക്കാം. രോഗ നിര്‍ണയം നടത്തിയ മിക്ക രോഗികളെയും ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. ഇത് കാനഡയുടെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നു. രാജ്യത്ത് സെപ്‌സിസിനുള്ള ചികിത്സാ ചെലവ് പ്രതിവര്‍ഷം 325 മില്യണ്‍ ഡോളറാണ്. സെപ്‌സിസ് രോഗനിര്‍ണയവും ചികിത്സയും മെച്ചപ്പെടുന്നുണ്ടെങ്കിലും നിരക്ക് ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫൗണ്ടേഷന്‍ പറയുന്നു.
വളരെ വേഗത്തില്‍ വ്യാപിക്കുന്ന അണുബാധ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ആകെ ബാധിക്കുകയും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കുകയും ചെയ്യും. ഇത് മരണത്തിലേക്ക് രോഗിയെ തള്ളിവിടുന്നു. 30 മുതല്‍ 50 ശതമാനം വരെയാണ് സെപ്‌സിസ് വന്നാലുള്ള മരണനിരക്ക്.