കാല്‍ഗറിയുടെ മള്‍ട്ടി-ബില്യണ്‍ ഡോളറിന്റെ ഗ്രീന്‍ ലൈന്‍ ലൈറ്റ്-റെയില്‍ ട്രാന്‍സിറ്റ് പദ്ധതിക്ക് പിന്തുണയറിയിച്ച് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. എന്നാല്‍ പ്രവിശ്യാ സര്‍ക്കാര്‍ എത്ര പണം നല്‍കാന്‍ തയാറാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഗ്രീന്‍ ലൈന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചെലവ് കുറഞ്ഞതായിരിക്കാന്‍ പൂര്‍ണമായ പുനര്‍വിചിന്തനം ആവശ്യമാണെന്ന് സ്മിത്ത് പറഞ്ഞു. ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത് പോലെ ഒരു കിലോമീറ്റര്‍ നിരക്കില്‍ മുഴുവന്‍ ലൈനും നിര്‍മ്മിക്കുന്നതിന് 20 ബില്യണ്‍ ഡോളര്‍ ചെലവാകും. ഒരു നഗരത്തെ പാപ്പരാക്കുന്ന തരത്തിലുള്ള പദ്ധതിയാണിതെന്ന് സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സിറ്റിയുടെ പദ്ധതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പ്രവിശ്യയുടെ 6.2 ബില്യണ്‍ ഡോളര്‍ ട്രാന്‍സിറ്റ് പദ്ധതിയില്‍ നിന്ന് 1.53 ബില്യണ്‍ ഡോളര്‍ ധനസഹായം പിന്‍വലിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മിനിസ്റ്റര്‍ ഡെവിന്‍ ഡ്രീഷന്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഗ്രീന്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രീമിയര്‍ അഭിപ്രായം പറയുന്നത്.