നെക്‌സസ് പാസ് ആപ്ലിക്കേഷന്‍ ഫീസ് അടുത്തമാസം മുതല്‍ ഇരട്ടിയിലധികമാകും 

By: 600002 On: Sep 13, 2024, 12:35 PM

 


അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ആവശ്യമുള്ള നെക്‌സസ് പാസിനായുള്ള ആപ്ലിക്കേഷന്‍ ഫീസ് അടുത്തമാസം മുതല്‍ ഇരട്ടിയിലധികം വര്‍ധിക്കും. യുഎസ്-കാനഡ അതിര്‍ത്തി കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും കടക്കാന്‍ കനേഡിയന്‍ പൗരന്മാരെ സഹായിക്കുന്ന പ്രോഗ്രാമാണ് നെക്‌സസ് പ്രോഗ്രാം. അപേക്ഷാ ഫീസ് നിലവില്‍ 68 കനേഡിയന്‍ ഡോളറാണ്. എന്നാല്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി പ്രകാരം നിരക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയിലധികമായി 163.16 കനേഡിയന്‍ ഡോളറായി മാറും. ഒക്ടോബര്‍ 1 മുതല്‍ പുതിയ അപേക്ഷകള്‍, പുതുക്കലുകള്‍, റീപ്ലെയ്‌സ്‌മെന്റ് എന്നിവയ്ക്ക് പുതിയ നിരക്ക് ബാധകമാകുമെന്ന് സിബിഎസ്എ അറിയിച്ചു. 

നെക്‌സസ് പ്രോഗ്രാമിന്റെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നു. നിലവിലെ ഫീസ് ഘടന 20 വര്‍ഷത്തിലേറെയായി നിലവിലുള്ളതാണ്. ഇനി പ്രോഗ്രാമിന്റെ ചിലവ് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്ന് ഏജന്‍സി പറയുന്നു. ഏപ്രിലിലെ കണക്കനുസരിച്ച്, നെക്‌സസിന് 1.8 മില്യണിലധികം അംഗങ്ങളുണ്ടെന്നും അവരില്‍ ഭൂരിഭാഗവും കനേഡിയന്‍ പൗരന്മാരാണെന്നും സിബിഎസ്എ പറഞ്ഞു.