കീസ്റ്റോണ്‍  XL പൈപ്പ്‌ലൈന്‍ വിപുലീകരണം: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കണ്ണുംനട്ട് ആല്‍ബെര്‍ട്ട 

By: 600002 On: Sep 13, 2024, 12:18 PM

 


ആല്‍ബെര്‍ട്ടയുടെ കീസ്റ്റോണ്‍ XL പൈപ്പ്‌ലൈനിന്റെ വിപുലീകരണം സംബന്ധിച്ച് ഭാവി തീരുമാനിക്കുന്നത് ഇനി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പായിരിക്കും. ആല്‍ബെര്‍ട്ടയില്‍ നിന്നും കൂടുതല്‍ എണ്ണ അമേരിക്കയിലേക്ക് ഒഴുക്കാന്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് പൈപ്പ്‌ലൈന്‍ വിപുലീകരണത്തിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ അംഗീകാരം റദ്ദാക്കി. പൈപ്പ്‌ലൈന്‍ വിപുലീകരണം സംബന്ധിച്ച് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്ണുംനട്ടിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ കീസ്റ്റോണിനെകുറിച്ചുള്ള ചര്‍ച്ച പുനരരംഭിക്കുമെന്ന് സ്മിത്ത് പറയുന്നു. അദ്ദേഹം പദ്ധതിയെക്കുറിച്ച് മറന്നിട്ടില്ലെന്നും വിജയിച്ചാല്‍ ആദ്യ ദിവസം തന്നെ പെര്‍മിറ്റ് പുന:സ്ഥാപിക്കുമെന്ന് വാഗ്ദാനവും ചെയ്തിട്ടുണ്ടെന്ന് സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, ട്രംപ് പരാജയപ്പെടുകയും ഡെമോക്രാറ്റുകള്‍ വിജയിക്കുകയും ചെയ്താല്‍ അപ്പോഴും ശുദ്ധവും വിലകുറഞ്ഞതുമായ നാച്വറല്‍ ഗ്യാസ് അമേരിക്കയ്ക്ക് വില്‍ക്കാന്‍ അവസരങ്ങളുണ്ടാകുമെന്ന് സ്മിത്ത് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകള്‍ പൈപ്പ്‌ലൈനിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. പൈപ്പ്‌ലൈന്‍ വിപുലീകരണത്തിന് പകരം പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലേക്ക് മാറണമെന്നും അവര്‍ ആവശ്യപ്പെടുന്നു.