മറ്റ് സമ്പന്ന രാജ്യങ്ങളുമായി സാമ്പത്തിക വിടവ് വര്‍ധിക്കുന്നു; കാനഡ ദാരിദ്ര്യത്തിലേക്കെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Sep 13, 2024, 11:12 AM

 

ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. എന്നാല്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ തുടങ്ങിയ മറ്റ് സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡ ദരിദ്ര രാജ്യമായി കൊണ്ടിരിക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്(ഒഇസിഡി)  പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കാനഡയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക വിടവ് കൂടുതല്‍ വര്‍ധിച്ചു. കാനഡയുടെ താരതമ്യേന ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ചയും ജനസംഖ്യാ കുതിപ്പും സമ്പന്ന രാജ്യങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പിന്തുണയുമായി മുന്‍ ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി കഴിഞ്ഞ ദിവസം രംഗത്തെത്തിയത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ഉപദേശം നല്‍കാനാണെന്നാണ് സൂചന. കൂടാതെ ട്രഷറി ബോര്‍ഡ് പ്രസിഡന്റ് അനിതാ ആനന്ദ് 'വര്‍ക്കിംഗ് ഗ്രൂപ്പ്' എന്ന് വിളിക്കുന്ന ഒരു സംഘത്തെ രാജ്യത്തിന്റെ ഉല്‍പ്പാദന ക്ഷമത മികവുറ്റതാക്കാനും സാമ്പത്തിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുണ്ട്. 

ബാങ്ക് ഓഫ് കാനഡയും നേരത്തെ ഈ വിഷയത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ച് മാസത്തില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ കരോലിന്‍ റോജേഴ്‌സ് കാനഡയുടെ ഉല്‍പ്പാദക്ഷമത വര്‍ധിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഭാവിയില്‍ കാനഡ പുരോഗതി കൈവരിച്ചേക്കാമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(IMF) കണക്കുകള്‍ വ്യക്തമാക്കുന്നത്. കാനഡയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 1.3 ശതമാനവും പിന്നീടുള്ള വര്‍ഷം 2.4 ശതമാനവും ആകുമെന്നാണ് കണക്കുകള്‍.