തീവ്രവാദിയുടെ അറസ്റ്റ്: കാനഡയിലെ സ്റ്റഡി പെര്‍മിറ്റ് സിസ്റ്റത്തിനെതിരെ പ്രതിഷേധം 

By: 600002 On: Sep 13, 2024, 9:41 AM

 


തീവ്രവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ പാക് പൗരന്‍ കാനഡയിലെത്തിയത് സ്റ്റുഡന്റ് വിസയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ സ്റ്റഡി പെര്‍മിറ്റ് സംവിധാനത്തിനെതിരെ കടുത്ത പ്രതിഷേധമുയരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായി ഒരു തീവ്രവാദി രാജ്യത്ത് താമസിക്കുകയും ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്തത് സിസ്റ്റത്തിന്റെ വലിയ പിഴവാണെന്നും സ്റ്റഡി പെര്‍മിറ്റ് സംവിധാനം കൂടുതല്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണെന്നും കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. കുടിയേറ്റ സംവിധാനത്തിലെ പരാജയങ്ങള്‍ക്ക് തങ്ങളെ ബലിയാടാക്കുന്നതായി മറ്റ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

ന്യൂയോര്‍ക്ക് സിറ്റിയില്‍ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്ത 20 കാരനായ മുഹമ്മദ് ഷാസെബ് ഖാന്‍ എന്നയാളാണ് കഴിഞ്ഞയാഴ്ച ക്യുബെക്കില്‍ അറസ്റ്റിലായത്. കാനഡയിലും അമേരിക്കയിലും ഇയാള്‍ തീവ്രവാദ ആരോപണങ്ങള്‍ നേരിടുന്നുണ്ട്. 2023 മെയ് മാസത്തില്‍ സ്റ്റഡി വിസയില്‍ ഷാസെബ് ഖാന്‍ കാനഡയില്‍ പ്രവേശിച്ചതായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇത് കാനഡയില്‍ നിലവിലുള്ള കുടിയേറ്റ വിരുദ്ധത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റഡി പെര്‍മിറ്റ് സംവിധാനങ്ങളിലുണ്ടാകുന്ന വീഴ്ച പോസ്റ്റ്-ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് കൈവശമുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.