മുംബൈ: കഴിഞ്ഞവര്‍ഷം ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയായതിലൂടെ ഇന്ത്യക്കുണ്ടായത് വന്‍ സാമ്പത്തികനേട്ടം. ഐ സി സിയുടെ കണക്ക് അനുസരിച്ച് ഇന്ത്യക്ക് 11,637 കോടി രൂപയുടെ നേട്ടമുണ്ടായി. ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ മേഖലകളിലെ വരുമാനം ഉള്‍പ്പെടുത്തിയാണ് കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ലോകകപ്പുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയിലേക്ക് ഏകദേശം ഏഴായിരം കോടിയിലധികം രൂപ എത്തിയെന്നാണ് ഐസിസിയുടെ കണക്ക്. നിരവധി മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും ഐസിസിയുടെ സമഗ്ര സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ പത്ത് നഗരങ്ങളിലാണ് ഏകദിന ലോകകപ്പ് നടന്നത്.
അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ഓസ്ട്രേലിയയാണ് ലോകകപ്പില്‍ ചാംപ്യന്‍മാരായത്. അന്ന് ആറ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്ക് വിശ്വകിരീടം സമ്മാനിച്ചത്. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയെ കുറിച്ച് അടുത്തിടെ അപ്പോഴത്തെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് സംസാരിച്ചു.