ചികിത്സയില്‍ കഴിയുന്ന സിഖ് വംശജന്റെ താടി അനുവാദമില്ലാതെ വടിച്ചു; ബ്രാംപ്ടണ്‍ സിവിക് ഹോസ്പിറ്റലിനെതിരെ കുടുംബം 

By: 600002 On: Sep 12, 2024, 1:07 PM

 


ബ്രാംപ്ടണ്‍ സിവിക് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന 80 വയസ്സുള്ള സിഖ് വംശജന്റെ താടി അനുവാദമില്ലാതെ വടിച്ചതായി കുടുംബത്തിന്റെ പരാതി. അബോധാവസ്ഥയില്‍ കഴിയുന്ന ജോഗിന്ദര്‍ സിംഗ് കലേര്‍ എന്നയാള്‍ക്കാണ് ആശുപത്രി ജീവനക്കാരില്‍ നിന്നും ദുരനുഭവം ഉണ്ടായത്. താടി വടിച്ചതിലൂടെ തങ്ങളുടെ മത വിശ്വാസം ലംഘിക്കപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കലേറിനെ കാണാന്‍ വരുമ്പോള്‍ ക്ലീന്‍ ഷേവ് ആയിരുന്നു. ആ കാഴ്ച തങ്ങളെ വളരെയധികം വേദനിപ്പിച്ചതായി കലേറിന്റെ മരുമകന്‍ ജസ്ജിത് ദലിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും ജീവനക്കാര്‍ ക്ഷമാപണം നടത്താന്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വില്യം ഓസ്ലര്‍ ഹെല്‍ത്ത് സിസ്റ്റം അറിയിച്ചു. 

സിഖുകാര്‍ മുടി അല്ലെങ്കില്‍ താടി മുറിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നില്ലെന്നും ആരെങ്കിലും സമ്മതമില്ലാതെ അത് ചെയ്യുന്നത് മതവിശ്വാസ ലംഘനമാണെന്നും വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ ഓഫ് കാനഡ(ഡബ്ല്യുഎസ്ഒ) പറഞ്ഞു. ഇത് ഒരാളുടെ മാന്യതയ്‌ക്കെതിരെയുള്ള ആക്രമണമാണെന്നും ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. 

തങ്ങള്‍ക്കുണ്ടായ ഈ അനുഭവം പുറത്തറിയിക്കുന്നതിലൂടെ മറ്റൊരാള്‍ക്ക് ഇത്തരത്തില്‍ ഒന്ന് സംഭവിക്കരുതെന്ന പ്രതീക്ഷയിലാണെന്ന് കുടുംബം അറിയിച്ചു.