കനേഡിയന്‍ ചരിത്രത്തില്‍ ഏറ്റവും വലിയ ലോട്ടോ മാക്‌സ് ജാക്ക്‌പോട്ട് വെള്ളിയാഴ്ച; സമ്മാനത്തുക 75 മില്യണ്‍ ഡോളറായി ഉയര്‍ത്തി 

By: 600002 On: Sep 12, 2024, 11:33 AM

 


കാനഡയിലെ ഏറ്റവും വലിയ ലോട്ടറി ഗെയിം ലോട്ടോ മാക്‌സ് ജാക്ക്‌പോട്ടില്‍ സെപ്റ്റംബര്‍ 13 നറുക്കെടുപ്പിന് പരമാവധി ജാക്ക്‌പോട്ട് 75 മില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് ഒന്റാരിയോ ലോട്ടറി ആന്‍ഡ് ഗെയ്മിംഗ് കോര്‍പ്പറേഷന്‍(OLG)  അറിയിച്ചു. വെള്ളിയാഴ്ചത്തെ നറുക്കെടുപ്പിലൂടെ ലോട്ടോ മാക്‌സ് ജാക്ക്‌പോട്ട് ആദ്യമായി 75 മില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കൂടാതെ, 75 മില്യണ്‍ ഡോളറിന്റെ ലോട്ടോ മാക്‌സ് ജാക്ക്‌പോട്ട് വെള്ളിയാഴ്ച വിജയിച്ചില്ലെങ്കില്‍, സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച നറുക്കെടുപ്പിനായി ജാക്ക്‌പോട്ട് തുക പരമാവധി 80 മില്യണ്‍ ഡോളറായി മാറുമെന്ന് OLG അറിയിച്ചു. കാനഡയില്‍ കളിക്കാര്‍ക്ക് നേടാവുന്ന ഏറ്റവും വലിയ ലോട്ടറി ജാക്ക്‌പോട്ട് ആണിത്. 

വമ്പിച്ച ജാക്ക്‌പോട്ടിനൊപ്പം 12 മാക്‌സ് മില്യണ്‍ സമ്മാനങ്ങളും വെള്ളിയാഴ്ച ലഭിക്കും. അതായത് സമ്മാനത്തുക 87 മില്യണ്‍ ഡോളറായിരിക്കും. ഏഴ് അക്കങ്ങളുടെ മൂന്ന് തെരഞ്ഞെടുക്കലുകള്‍ക്ക് കളിയുടെ ചെലവ് 5 ഡോളറായി തന്നെ തുടരുമെന്ന് OLG വ്യക്തമാക്കി.