കൗമാരക്കാരില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠനം. 2014 മുതല്‍ 2022 വരെ കാനഡ ഉള്‍പ്പെടെയുള്ള 42 രാജ്യങ്ങളിലായി 15 വയസ് പ്രായമുള്ള 2,42,000 ലധികം കൗമാരക്കാരില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് പുതിയ ഡാറ്റ പ്രസിദ്ധീകരിച്ചത്. കൗമാരക്കാര്‍ കോണ്ടം ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ഡാറ്റ കാണിക്കുന്നതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണത്താല്‍ കൗമാരക്കാരില്‍ ലൈംഗികമായി പകരുന്ന അണുബാധ(STIs), സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രങ്ങള്‍, ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം എന്നിവ വര്‍ധിക്കുന്നതായും ഇവ അപകട സാധ്യത വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കാനഡയില്‍ ക്ലമീഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ലൈംഗിക രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വ്യക്തമാക്കിയിരുന്നു. കൂടാതെ, 2021 നെ അപേക്ഷിച്ച് 2022 ല്‍ പുതിയ എച്ച്‌ഐവി രോഗനിര്‍ണയത്തില്‍ കാനഡയില്‍ ഏകദേശം 25 ശതമാനം വര്‍ധനയുണ്ടായി. സസ്‌ക്കാച്ചെവനും മാനിറ്റോബയുമാണ് നിരക്കുകളില്‍ ഏറ്റവും മുന്നില്‍.
മൊത്തത്തില്‍ അവസാന ലൈംഗിക ബന്ധത്തില്‍ കോണ്ടം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കൗമാരക്കാരുടെ അനുപാതം ആണ്‍കുട്ടികളില്‍ 70 ശതമാനത്തില്‍ നിന്ന് 61 ശതമാനമായും പെണ്‍കുട്ടികളില്‍ 63 ശതമാനത്തില്‍ നിന്ന് 57 ശതമാനമായും കുറഞ്ഞു. മൂന്നിലൊന്ന് പേരും അവസാനത്തെ ലൈംഗിക ബന്ധത്തില്‍ കോണ്ടമോ ഗര്‍ഭനിരോധന ഗുളികകളോ ഉപയോഗിച്ചിരുന്നില്ല.
പല രാജ്യങ്ങളിലും സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നതാണ് സുരക്ഷിതമല്ലാത്ത ലൈംഗികതയുടെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്.