ദില്ലി: അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളിലെ നൈപുണ്യ ദൗർലഭ്യം പരിഹരിക്കാനായി ഇന്ത്യയെ സമീപിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികളുടെയും 5,000 പരിചരണം നൽകുന്നവരെയും നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം 10000 നിർമ്മാണ തൊഴിലാളികളെ വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 5,000 തൊഴിലാളികളെ ഇസ്രായേലിലേക്ക് അയച്ചു. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും
നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് മഹാരാഷ്ട്രയിലായിരിക്കും നടക്കുക. നിർമാണത്തൊഴിലാളികൾക്ക് പുറമേ, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 5,000 ആരോഗ്യപ്രവർത്തകരെയും റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമിക്കുന്നു. ഉദ്യോഗാർഥികൾ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഒരു അംഗീകൃത ഇന്ത്യൻ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പുറമെ, 990 മണിക്കൂർ പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ഒരു കെയർഗിവിംഗ് കോഴ്‌സും ഉണ്ടായിരിക്കണം.