ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കാനഡ സ്റ്റഡി വിസ 50 ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Sep 11, 2024, 3:02 PM

 


കാനഡയില്‍ പഠിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി വിസകള്‍ക്കുള്ള അംഗീകാരം ഈ വര്‍ഷം 50 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കര്‍ശനമായ ഇമിഗ്രേഷന്‍ നയങ്ങളും ഉയര്‍ന്ന സാമ്പത്തിക ആവശ്യങ്ങളുമാണ് ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങളായി അപ്ലൈബോര്‍ഡ്(ApplyBoard)  റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ നടപടികളുടെ ഫലമാണ് ഈ അംഗീകാരങ്ങള്‍ കുറയുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നിന്നുള്ള പഠന അനുമതികളുടെ അംഗീകാരം പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ല്‍ 436,000 സ്റ്റഡി വിസകള്‍ക്കാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ ഈ വര്‍ഷമത് 231,000 ആയി കുറഞ്ഞു. 

2023 നെ അപേക്ഷിച്ച് 2024 ല്‍ സ്റ്റഡി പെര്‍മിറ്റുകള്‍ക്കായുള്ള ആഗോള അപേക്ഷകളില്‍ 39 ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ല്‍ കാനഡയിലെ 5.5 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 2.26 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. 3.2 ലക്ഷം ഇന്ത്യക്കാര്‍ കാനഡയില്‍ സ്റ്റുഡന്റ് വിസയില്‍ താമസിച്ച് ഗിഗ് വര്‍ക്കര്‍മാരായി ജോലി ചെയ്യുന്നുണ്ട്.