നോര്‍ത്തേണ്‍ യുഎസ് അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് യാത്ര ചെയ്യുന്നവരാണ് കൂടുതല്‍പേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്തേണ്‍ അതിര്‍ത്തിയില്‍ അനധികൃത ക്രോസിംഗുകള്‍ ഗണ്യമായി വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാരും കുടിയേറ്റക്കാരും തമ്മില്‍ 20,000 ത്തോളം സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനം വര്‍ധനവാണിത്. അനധികൃതമായി അതിര്‍ത്തി കടക്കുന്നതിന് കാരണമായതെന്താണെന്ന് പൂര്‍ണമായും വ്യക്തമല്ല. എന്നാല്‍ സംഘര്‍ഷങ്ങളില്‍ ഏകദേശം 60 ശതമാനവും ഇന്ത്യന്‍ പൗരന്മാരുമായാണെന്നാണ് കണക്കുകള്‍.
വെര്‍മോണ്ട് സര്‍വകലാശാലയിലെ ഗ്ലോബല്‍ ആന്‍ഡ് റീജിയണല്‍ സ്റ്റഡീസ് പ്രോഗ്രാം ഡയറക്ടര്‍ പാബ്ലോ ബോസ് പറയുന്നത്, മിക്ക ഇന്ത്യന്‍ കുടിയേറ്റക്കാരും അമേരിക്കയിലേക്ക് വരുന്നതിന്റെ കാരണങ്ങള്‍ വ്യത്യസ്തമാണെന്നാണ്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും കാരണം. ആ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ പലപ്പോഴും അക്രമം, സര്‍ക്കാരുകളുടെ അടിച്ചമര്‍ത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ നിന്നും പലായാനം ചെയ്യുന്നവരാണെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് 2023 ഓടെ അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ അനധികൃത ക്രോസിംഗുകള്‍ വര്‍ധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.