വാടക പരസ്യങ്ങള്‍ വഴി അന്താരാഷ്ട്ര വിദ്യാര്‍ത്ഥിനികളെ വേശ്യാവൃത്തിയിലേക്ക് നയിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രാംപ്ടണ്‍ കൗണ്‍സിലര്‍ 

By: 600002 On: Sep 11, 2024, 1:28 PM

 

വ്യാജ വാടക പരസ്യങ്ങള്‍ വഴി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയും ഇവരെ വാടകയ്ക്ക് വേശ്യാവൃത്തിയിലേക്ക് നയിക്കാന്‍ പ്രലോഭിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ബ്രാംപ്ടണ്‍ സിറ്റി കൗണ്‍സിലര്‍ റൊവേന സാന്റോസിന്റെ വെളിപ്പെടുത്തല്‍. കോവിഡ് പാന്‍ഡെമിക് മുതല്‍ നിരാശരായ വിദ്യാര്‍ത്ഥിനികളെയാണ് നഗരത്തില്‍ വേശ്യാവൃത്തിക്കായി പ്രേരിപ്പിക്കുന്നത്. അനധികൃത ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റുകളുടെ വ്യാപനവും കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഒറ്റപ്പെട്ട വീടുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന മള്‍ട്ടി-യൂണിറ്റ് വാസസ്ഥലങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ടെന്നും സാന്റോസ് പറയുന്നു. 

നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കൃത്യമായി സുരക്ഷിതമായ പാര്‍പ്പിട സൗകര്യങ്ങളുടെ അഭാവമാണ് ഭൂവുടമകള്‍ ഇവരെ ചൂഷണം ചെയ്യുന്ന നിലയിലേക്കും ഭയാനകമായ സാഹചര്യങ്ങളിലേക്കും തള്ളിവിടുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. പുതിയ സാഹചര്യങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അവരെ ചൂഷണം ചെയ്യാന്‍ ഒരുപാട് പേരുണ്ടാകും. സഹായിക്കുന്നവരാണോ അതോ ചൂഷണം ചെയ്യുന്നവരാണോ എന്ന് തിരിച്ചറിയാനാകാതെ വിദ്യാര്‍ത്ഥിനികളില്‍ പലരും ഇത്തരം ആളുകളെ വിശ്വസിക്കുകയും അവരുടെ കൂടെ പോവുകയും ചെയ്യുന്നു. ചില യുവതികള്‍ ഗര്‍ഭിണികളാവുകയും എന്തുചെയ്യണമെന്നറിയാതെ വീട്ടിലേക്ക് പോകാന്‍ തയാറാകാതെയും വരും. ഇവരെ വീണ്ടും ചൂഷണം ചെയ്യാനെത്തുന്നവരുണ്ടാകുമെന്നും അവര്‍ പറയുന്നു.