കാല്‍ഗറിയില്‍ അഫോര്‍ഡബിള്‍ വീടുകള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Sep 11, 2024, 11:54 AM

 


കാല്‍ഗറിയില്‍ അഫോര്‍ഡബിള്‍ വീടുകളുടെ എണ്ണത്തില്‍ കുറവുണ്ടായതായി Re/Max റിപ്പോര്‍ട്ട്. ഫാള്‍ സീസണില്‍ നഗരത്തിലെ വീടുകളുടെ വില്‍പ്പനയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും റീമാക്‌സ് ഫാള്‍ ഹൗസിംഗ് മാര്‍ക്കറ്റ് ഔട്ട്‌ലുക്കില്‍ പറയുന്നു. സെല്ലേഴ്‌സ് മാര്‍ക്കറ്റാണ് കാല്‍ഗറി. എന്നാല്‍ വീട് വാങ്ങുന്നവരുടെ ആവശ്യം ഈ മേഖലയില്‍ ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍, ഇന്‍വെന്ററി കുറവാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

നഗരത്തിലെ ശരാശരി ഭവന വില 11.7 ശതമാനം കുതിച്ചുയര്‍ന്നു. 2023 ജനുവരി 1 നും ജൂലൈ 31 നും ഇടയില്‍ കാല്‍ഗറിയിലെ ശരാശരി റെസിഡന്‍ഷ്യല്‍ വില്‍പ്പന വില 539,648 ഡോളറായിരുന്നു. എന്നാല്‍ ഈ വര്‍ഷം വില 602,653 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് പുതിയ ലിസ്റ്റിംഗുകള്‍ ഇല്ല എന്നതാണ് കാല്‍ഗറി ഭവന വിപണിയിലെ ക്ഷാമത്തിന് പ്രധാനകാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഒരു പ്രശ്‌നമായി തുടരുകയാണ്. പ്രത്യേകിച്ച് 600,000 ഡോളറില്‍ താഴെ വില വരുന്ന ഡിറ്റാച്ച്ഡ് വീടുകളുടെയും 300,000 ഡോളറില്‍ താഴെ വരുന്ന കോണ്ടോ അപ്പാര്‍ട്ട്‌മെന്റുകളുടെയും കാര്യത്തില്‍. നിലവിലുള്ള വെല്ലുവിളികള്‍ കാരണം ഈ വില പരിധിക്കുള്ളില്‍ വില്‍പ്പനയും കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി.