ഒന്റാരിയോ ഗ്വള്‍ഫില്‍ കുട്ടികളെ ഉപയോഗിച്ച് ടാക്‌സി തട്ടിപ്പ് നടത്തുന്നതായി പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാലോളം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. ഇതില്‍ ആദ്യത്തേത് നടന്നത് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ വുഡ്‌ലോണ്‍ റോഡ് വെസ്റ്റിലാണ്. ടാക്‌സി ഡ്രൈവര്‍ക്ക് നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞാണ് കുട്ടി ഇരകളെ സമീപിക്കുന്നത്. പണത്തിന് പകരമായി തന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുകൊള്ളാനും പറയുന്നു. എന്നാല്‍ ക്യാബ് ഡ്രൈവര്‍ക്ക് നല്‍കുന്ന ഡെബിറ്റ് കാര്‍ഡിന് പകരം ഡ്രൈവര്‍ വ്യാജ കാര്‍ഡായിരിക്കും തിരിച്ചുനല്‍കുന്നത്. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുമ്പോള്‍ മാത്രമായിരിക്കും ഇര ഡെബിറ്റ് കാര്‍ഡ് നഷ്ടമായതായും തട്ടിപ്പ് നടന്നതായും തിരിച്ചറിയുക.
നാല് കേസുകളിലും ടാക്‌സി ഡ്രൈവറായി ചമഞ്ഞെത്തിയത് 20 വയസ്സ് തോന്നിപ്പിക്കുന്ന യുവാവാണ്. തവിട്ട് നിറത്തിലുള്ള മെലിഞ്ഞ ശരീരവും താടിയും ഉണ്ട്. 11 നും 14 നും ഇടയില്‍ പ്രായമുള്ള ഇരുണ്ട മുടിയുള്ള കുട്ടിയാണ് തട്ടിപ്പ് നടത്താനായി എത്തുന്നത്. സംഭവ സമയത്ത് നീല ഷര്‍ട്ടും നരച്ച വെള്ള ഷോര്‍ട്ട്‌സും കറുപ്പും ചുവപ്പും നിറമുള്ള ഷൂസും ധരിച്ചിരുന്നു. ഓറഞ്ച്, വെള്ള നിറത്തിലുള്ള ടാക്‌സി റൂഫ് സൈനുള്ള വെള്ള ഓഡി കാറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 519-824-1212 എന്ന നമ്പറില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.