ഐഎസ് ബന്ധമുള്ള പാക് പൗരന്‍ കാനഡയിലെത്തിയത് സ്റ്റുഡന്റ് വിസയില്‍: ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ 

By: 600002 On: Sep 11, 2024, 9:43 AM

 

 

ക്യുബെക്കില്‍ അറസ്റ്റിലായ ഐഎസ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള പാക്കിസ്ഥാന്‍ പൗരന്‍ കാനഡയിലെത്തിയത് സ്റ്റുഡന്റ് വിസയിലെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. ന്യൂയോര്‍ക്കിലെ ഒരു ജൂത കേന്ദ്രത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന മുഹമ്മദ് ഷാസെബ് ഖാന്‍(20) ആണ് അറസ്റ്റിലായത്. ഇസ്രയേല്‍ ഹമാസ് ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 7 ന് ആക്രമണം നടത്താനായിരുന്നു പദ്ധതി. 

യുഎസ് അതിര്‍ത്തിയിലേക്ക് പോകുകയായിരുന്ന ഇയാള്‍ യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപമുള്ള ക്യുബെക്കിലെ ഓംസ്റ്റൗണില്‍ വെച്ചാണ് അറസ്റ്റിലായത്. 2023 മെയ് മാസത്തില്‍ മുഹമ്മദ് ഷാസെബ് ഖാന് സ്റ്റുഡന്റ് വീസ ലഭിച്ചുവെന്നും 2023 ജൂണ്‍ 24ന് ടൊറന്റോയിലെ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ എത്തിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റുഡന്റ് വിസയില്‍ ഒരു ഭീകരവാദിക്ക് കാനഡയിലെത്താന്‍ സാധിച്ചുവെന്ന ഗുരുതരമായ സുരക്ഷാ വീഴ്ച സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു.