ഒട്ടാവ: ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് നിലവിലുള്ള 30ഓളം അനുമതികള്‍ കാനഡ താല്‍ക്കാലികമായി നിർത്തിവെച്ചതായി കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.കനേഡിയൻ നിർമ്മിത ആയുധങ്ങള്‍ ഗാസ്സ മുനമ്ബില്‍ ഉപയോഗിക്കാൻ നല്‍കില്ലെന്നതാണ് രാജ്യത്തിന്റെ നയമെന്ന് ജോളി പറഞ്ഞതായി റിപ്പോർട്ടുകള്‍ പറയുന്നു. കാനഡ ജനുവരിയില്‍ ഇസ്രായേലിനുള്ള പുതിയ ആയുധ പെർമിറ്റുകള്‍ അനുവദിക്കുന്നത് നിർത്തിയെങ്കിലും നേരത്തേ അനുമതി നല്‍കിയവ തുടരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങളോ ആയുധങ്ങളുടെ ഭാഗങ്ങളോ ഗസ്സയിലേക്ക് അയയ്ക്കില്ലെന്ന് ജോളി പറഞ്ഞു. നേരത്തേ ഇസ്രായേല്‍ പ്രതിരോധ സേനയിലേക്ക് അയയ്ക്കുന്നതിനുള്ള വെടിമരുന്ന് കരാറില്‍നിന്നും കാനഡ പിന്മാറുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.