ടാക്‌സി റൂഫ് സൈനുകളുടെ വില്‍പ്പന നിര്‍ത്തണമെന്ന അപേക്ഷ ആമസോണ്‍ നിരസിച്ചു. കാനഡയിലുടനീളം ക്യാബ് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ടാക്‌സി റൂഫ് സൈനുകള്‍ വില്‍ക്കുന്നത് നിര്‍ത്തണമെന്ന് ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ഭീമനായ ആമസോണിനോട് അഭ്യര്‍ത്ഥിച്ചത്. വ്യാജ സൈന്‍ ബോര്‍ഡ് വെച്ച് വ്യാജ ടാക്‌സിയായി എത്തി ആളുകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ ഗണ്യമായി രാജ്യത്തുടനീളം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.
ടൊറന്റോയിലും മോണ്‍ട്രിയലിലും വര്‍ഷങ്ങളായി ടാക്‌സി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ തട്ടിപ്പ് രാജ്യവ്യാപകമാകുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. ഈ സമ്മര്‍ സീസണില്‍ കാല്‍ഗറി, എഡ്മന്റണ്‍, സതേണ്‍ ഒന്റാരിയോയിലെ കിംഗ്‌സ്റ്റണ്‍, ഓട്ടവ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലെ പോലീസ് തട്ടിപ്പ് സംബന്ധിച്ച് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ഓണ്‍ലൈനില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് തട്ടിപ്പുകാര്‍ക്ക് സഹായകമായി ടാക്‌സി റൂഫ് സൈനുകള്‍ ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ലഭ്യമാണ്. ഔദ്യോഗിക രൂപത്തിലുള്ള ടാക്‌സി റൂഫ് സൈന്‍ ഇവിടെ നിന്നും വാങ്ങാന്‍ സാധിക്കും. തട്ടിപ്പുകാര്‍ ഇത് മുതലെടുത്ത് സൈന്‍ ബോര്‍ഡുകള്‍ വാങ്ങിക്കുകയും തട്ടിപ്പ് എളുപ്പത്തില്‍ നടത്താനും സാധിക്കുന്നു. അതിനാല്‍ ആമസോണിനോട് സൈന്‍ ബോര്‍ഡുകള്‍ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ ടാക്‌സി അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആമസോണ്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു. സൈന്‍ ലൈറ്റുകള്‍ കാനഡയില്‍ വില്‍ക്കുന്നത് നിയമപരമാണെന്നാണ് ആമസോണിന്റെ വാദം.