ലാസ് വേഗാസ് : സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2024 ലെ പെരുന്നാൾ സെപ്റ്റമ്പർ ഏഴാം തീയ്യതി ശനിയാഴ്ച, മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത്‍ വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.
2006 ൽ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഈ പള്ളിയിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാൾ ആണ്, ഇടവകപ്പെരുന്നാൾ ആയി ആഘോഷിക്കപ്പെടുന്നത്. സെപ്റ്റംബർ ഏഴാം തീയ്യതി കാലത്ത് 9:30 മണിക്ക് പ്രഭാത നമസ്കാരവും, തുടർന്ന് പെരുന്നാളിന്റെ വിശുദ്ധ കുർബ്ബാനയും നടന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത്‍ വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനി പ്രധാന കാർമ്മികത്വം വഹിച്ചു.
ഇടവക വികാരി ഫാദർ യോഹന്നാൻ പണിക്കർ സഹകാർമ്മികൻ ആയിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥതയിൽ യാചിക്കുന്നതൊക്കെയും വിശ്വാസികൾക്ക് അനുഗ്രഹപ്രദമായി ദൈവം വര്ഷിക്കുമെന്നു മെത്രാപ്പോലീത്താ തന്റെ പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.
പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ദേവാലയം മുഖേന തങ്ങളുടെ പൈതൃകത്തെ മറക്കാതെ, ക്രൈസ്തവ വിശ്വാസം യുവതലമുറയിലേക്കു പകർന്നു നൽകാൻ ഇത്തരം പെരുന്നാളുകളും ആഘോഷങ്ങളും സഹായിക്കുമെന്നതിനാൽ പ്രത്യേകം അഭിനന്ദനീയമാണെന്നു തിരുമേനി എടുത്തു പറഞ്ഞു.
തുടർന്ന് ഇടവക വികാരി യോഹന്നാൻ പണിക്കർ അച്ചന്റെ നേതൃത്വത്തിൽ, നടന്ന ഭക്തിനിർഭരമായ റാസയിൽ വിശുദ്ധ ബൈബിളും കൊടികളും മുത്തുക്കുടകളും വഹിച്ചുകൊണ്ട്, വിശ്വാസികൾ ദൈവമാതാവിന്റെ സ്തുതിഗീതങ്ങളും ആലപിച്ചു പ്രാർത്ഥനാപൂർവ്വം പങ്കെടുത്തു. തുടർന്ന്, ദേവാലയത്തിൽ നടന്ന പരിശുദ്ധ മാതാവിനോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനകൾക്ക്, ഇടവക മെത്രാപ്പോലീത്താ കാർമ്മികത്വം വഹിക്കുകയും, ശ്ലൈഹീക ആശിർവാദം നൽകി വിശ്വാസികളെ അനുഗ്രഹിക്കുകയും ചെയ്‌തു.
വിശുദ്ധ കുർബാനയ്ക്കു ശേഷം മെത്രാപ്പോലീത്തയ്ക്ക് പ്രത്യേക സ്വീകരണം നൽകി. ലാസ് വേഗാസിലെ ഇടവകയുടെ വളർച്ചക്കു നേതൃത്വം നൽകുന്ന പണിക്കർ അച്ചന്റെ നിസ്തുലമായ സേവനം വളറെയധികം പ്രകീർത്തിക്കപ്പെടുന്നുവെന്നും, ഇടവക മുഴുവൻ അദ്ദേഹത്തോട് പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നുവെന്നും, ഇടവക സെക്രട്ടറി ജോൺ ചെറിയാൻ തന്റെ സ്വാഗതപ്രസംഗത്തിൽ പ്രസ്താവിച്ചു.
ഈ ഇടവകയിൽനിന്നും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ ജോവാന ജോൺ (നെവാഡ ബാർ അഭിഭാഷക/അറ്റോർണി), റീനു ബാബു (സിപിഎ), റിനി കോളിൻസ് ഡിഎൻപി ( ഡോക്ടർ ഓഫ് നേഴ്‌സിങ് പ്രാക്ടീസ് ) എന്നിവരെ മെത്രാപ്പോലീത്തായും ഇടവക വികാരിയും ചേർന്ന് അഭിനന്ദിക്കുകയും ചെയ്‌തു. കേരളത്തിലെ വയനാട് ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻ സഭ തുടങ്ങിവെച്ച ദുരിതാശ്വാസനിധിയിലേക്കുള്ള ഈ പള്ളിയുടെ സംഭാവന ഒരു ചെക്കായി ഇടവക വികാരി, ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ഏല്പിച്ചു. വിഭവസമൃദ്ധമായ ലഞ്ചോടുകൂടി, ഈ വർഷത്തെ പെരുനാൾ ആഘോഷങ്ങൾ സമാപിച്ചു.
റിപ്പോര്ട്ട് : ജോൺ ചെറിയാൻ , സെക്രട്ടറി