നോർവേ: ആടുകളേയും കുറുക്കന്മാരേയും സ്ഥിരം ആഹാരമാക്കിയ സ്വർണ്ണപ്പരുന്ത് സ്ഥിരമായി ആളുകളെ ആക്രമിക്കുന്നു. വിചിത്രമായ സംഭവത്തിന് പിന്നിലെ കാരണം തേടി ഗവേഷകർ. വീടിന് പുറത്തിറങ്ങിയ 20 മാസം പ്രായമുള്ള കുഞ്ഞിനെ വളഞ്ഞിട്ട് ആക്രമിച്ച് ഗുരുതരാവസ്ഥയിലാക്കിയതാണ് സ്വർണ്ണപ്പരുന്തിന്റെ ആക്രമണത്തിൽ ഒടുവിലത്തേത്. നോർവ്വെയിലാണ് സംഭവം. സ്കാൻഡിനേവിയൻ രാജ്യത്തെ രണ്ടാമത്തെ വലിപ്പമേറിയ ഇരപിടിയൻ പക്ഷിയുടെ ശല്യത്തിലാണ് നിരവധിപ്പേർക്ക് പരിക്കേറ്റിരിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നാല് പേർക്കാണ് നിലവിൽ ഗോൾഡൻ ഈഗിളിന്റെ ആക്രമണം നേരിടേണ്ടി വന്നത്. ചെറിയ മൃഗങ്ങളെ വേട്ടയാടി ഭക്ഷണമാക്കുന്ന ഇവ പൂർണ വളർച്ചയെത്തിയ മനുഷ്യന് നേരെ തിരിയുന്നത് അപൂർവ്വ സംഭവങ്ങളാണ്. അക്രമ സംഭവങ്ങൾ പതിവായതിന് പിന്നാലെ അക്രമകാരിയായ സ്വർണപ്പരുന്തിനെ വെടിവച്ച് കൊന്നിരിക്കുകയാണ് നോർവ്വേ.
20മാസം പ്രായമുള്ള കുഞ്ഞിനെ ഇരയെന്ന ധാരണയിലാവാം സ്വർണപ്പരുന്ത് ആക്രമിച്ചതെന്ന സാധ്യതയാണ് ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്. ഇരപിടിയൻ പക്ഷിയുടെ ആക്രമണത്തിൽ നിന്ന് കുട്ടിയെ അമ്മയും അയൽവാസിയും ചേർന്ന് ഒരുവിധമാണ് രക്ഷിച്ചത്. വടിയെടുത്ത് വീശി ഓടിക്കാൻ ശ്രമിച്ചിട്ടും സ്വർണപ്പരുന്ത് വീണ്ടും വീണ്ടും തിരികെ വരികയായിരുന്നു. പരുന്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റമാകാം ഇത്തരത്തിൽ മനുഷ്യരെ ആക്രമിക്കുന്നതിലേക്ക് നയിക്കാൻ കാരണമായതെന്നാണ് പരുന്ത് ഗവേഷകനായ ആൽവ് ഓട്ടർ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചത്. അസാധാരണ സംഭവങ്ങളാണ് നടക്കുന്നത്. ഓർഖ്ലാൻഡ് എന്ന സ്ഥലത്തായിരുന്നു ഈ പരുന്തിന്റെ ഒടുവിലെ ആക്രമണമുണ്ടായത്.