സിനിമാ മേഖലയിൽ ഇപ്പോൾ റി- റിലീസുകളുടെ കാലമാണ്. ഒരു കാലത്ത് വൻ ഹിറ്റായ സിനിമകളും പരാജയം നേരിട്ട സിനിമകളും ഇക്കൂട്ടത്തിൽ ഉണ്ടാകും. അത്തരത്തിൽ റിലീസ് ചെയ്തപ്പോൾ പരാജയം നേരിട്ടൊരു സിനിമ മലയാളത്തിൽ അടുത്തിടെ വീണ്ടും റിലീസ് ചെയ്തിരുന്നു. സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ ആയിരുന്നു ആ ചിത്രം.
ഒരു കാലത്ത് ഫ്ലോപ്പായ ചിത്രത്തിന് പക്ഷേ രണ്ടാം വരവിൽ വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. നിർമാതാക്കളും മറ്റ് അണിയറ പ്രവർത്തകരും അതിശയിച്ച് പോകുന്ന പ്രേക്ഷക സ്വീകാര്യതകൾക്ക് ഒപ്പം ബോക്സ് ഓഫീസിലും ദേവദൂതൻ മിന്നിക്കയറുക ആയിരുന്നു. ഇപ്പോഴിതാ വിജയകരമായ 50 റി റിലീസ് ദിനങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ദേവദൂതൻ. സിബിമലയിലും വിനീതും രഘുനാഥ് പലേരി ഉൾപ്പടെയുള്ളവർ കേക്ക് മുറിച്ച് വിജയം ആഘോഷമാക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 5.4 കോടിയാണ് ദേവദൂതൻ നേടിയത്. റി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതിയും ദേവദൂതന് സ്വന്തമാണ്. സ്ഫടികം (4.95 കോടി), മണിച്ചിത്രത്താഴ് (4.4 കോടി) എന്നിങ്ങനെയാണ് മറ്റ് റി റിലീസ് സിനിമകളുടെ കളക്ഷൻ. ജൂലൈ 26ന് ആയിരുന്നു ദേവദൂതൻ വീണ്ടും തിയറ്ററിൽ എത്തിയത്. ആദ്യദിനം 56 തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് 143 തിയറ്ററുകളിലേക്ക് എത്തിയിരുന്നു. 2000ൽ ആയിരുന്നു ദേവദൂതൻ ആദ്യം തിയറ്ററുകളിൽ എത്തിയത്.