അമേരിക്കയിലേക്കോ കാനഡയിലേക്കോ ഉള്ള യാത്രയില്‍ ജര്‍മ്മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് പോലുള്ള ഏതെങ്കിലും ഷെങ്കന്‍ രാജ്യങ്ങളില്‍ ലേഓവര്‍ ഉള്‍പ്പെടുന്നുവെങ്കില്‍ ട്രാന്‍സിറ്റ് ഷെങ്കന്‍ വിസ ആവശ്യമായി വന്നേക്കാം. ഷെങ്കന്‍ സോണിലെ വിമാനത്താവളങ്ങളുടെ ഇന്റര്‍നാഷണല്‍ ട്രാന്‍സിറ്റ് ഏരിയകളിലൂടെ കടന്നുപോകാന്‍ അനുവദിക്കുന്നതാണ് ഈ വിസ. എന്നാല്‍ ഷെങ്കന്‍ രാജ്യത്തേക്ക് പ്രവേശിക്കാനോ വിമാനത്താവളം വിടാനോ അനുവദിക്കുകയില്ല. യാത്രാ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഷെങ്കന്‍ ട്രാന്‍സിറ്റ് വിസയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഏത് രാജ്യത്തെ പൗരനാണ്, ലേഓവറിന്റെ പ്രത്യേകതകള്‍ എന്നിവ ആശ്രയിച്ചായിരിക്കും ട്രാന്‍സിറ്റ് ഷെങ്കന്‍ വിസയുടെ ആവശ്യകത. ഉദാഹരണത്തിന്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് സാധാരണയായി ഷെങ്കന്‍ രാജ്യങ്ങളിലെ ലേഓവറുകള്‍ക്ക് ട്രാന്‍സിറ്റ് വിസ ആവശ്യമാണ്. കാനഡയിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യുന്നവര്‍ക്കും ട്രാന്‍സിറ്റ് ഷെങ്കന്‍ വിസ ആവശ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.schengenvisas.com/transit-schengen-visa/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.
യാത്രയില്‍ ട്രാന്‍സിറ്റ് ഷെങ്കന്‍ വിസയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സൂചിപ്പിക്കുന്ന സംഭവമാണ് സമീപകാലത്തുണ്ടായത്. വിസയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെതുടര്‍ന്ന് ടൊറന്റോയിലേക്കുള്ള വിമാനത്തില്‍ കയറുന്നതില്‍ നിന്ന്
വിലക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും 67,000 രൂപ തിരികെ നല്‍കാനും ഉപഭോക്തൃ കമ്മീഷന്‍ എയര്‍ലൈനിനോട് ആവശ്യപ്പെടുകയുണ്ടായി. ട്രാന്‍സിറ്റ് ഷെങ്കന്‍ വിസയുടെ ആവശ്യകതയെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടുവെന്ന് കമ്മീഷന്‍ കണ്ടെത്തി. ജര്‍മ്മനിയിലെ മ്യൂണിച്ചിലും ഫ്രാങ്ക്ഫര്‍ട്ടിലും വിമാനം നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ത്ഥിക്ക് ട്രാന്‍സിറ്റ് ഷെങ്കന്‍ വിസ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതിനാലാണിത്.