ലേബലില്‍ പാല്‍ അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിക്കാത്തതിനെ തുടര്‍ന്ന് കാനഡയിലുടനീളം വീഗന്‍ പ്രോട്ടീന്‍ ബാറുകള്‍ തിരിച്ചുവിളിക്കുന്നതായി കനേഡിയന്‍ ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി(CFIA) അറിയിച്ചു. ന്യൂട്രാബോളിക്‌സ് ബ്രാന്‍ഡായ ഫീഡ് മീ വീഗന്‍ പ്രോട്ടീന്‍, ചോക്ലേറ്റ് കോക്കനട്ട് ഫ്‌ളേവറിലുള്ള ഓട്‌സ് ബാറുകള്‍ എന്നിവയാണ് തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍. 2024 നവംബര്‍ 15 ആണ് കാലാവധി കാണിച്ചിരിക്കുന്നത്. 65 ഗ്രാം ബാറുകളില്‍ പാല്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ഇത് ലേബലില്‍ സൂചിപ്പിക്കാത്തതിനുമാണ് തിരികെവിളിച്ചിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ കഴിച്ചവരില്‍ അസുഖങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വീഗന്‍ ഡയറ്റ് കര്‍ശനമായി പിന്തുടരുന്നവരോ ക്ഷീരോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ അലര്‍ജിയോ മറ്റ് അസുഖങ്ങളോ അസ്വസ്ഥതകളോ ഉള്ളവരാണെങ്കില്‍ ഉല്‍പ്പന്നം ഉപേക്ഷിക്കണമെന്നും വാങ്ങിയ സ്റ്റോറില്‍ തിരികെ ഏല്‍പ്പിക്കണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
സംശയങ്ങള്‍ ഉണ്ടെങ്കില്‍ ദൂരീകരിക്കാന്‍ 1-800-442-2342 എന്ന നമ്പറില്‍ CFIA ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.